ദില്ലി: മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഒരു ബന്ധവും വേണ്ടെന്ന് കോണ്‍ഗ്രസിന്‍റെ തീരുമാനം. ശിവസേനയുടെ രാഷ്ട്രീയവുമായി യോജിക്കാനാവില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. അതേസമയം, ശിവസേന- ബിജെപി തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ധവ് താക്കറേയെ കാണും.

സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയെ കൂട്ടുപിടിക്കാമെന്ന അഭിപ്രായം കോണ്‍ഗ്രസ് നേരത്തെ മുന്നോട്ടുവച്ചിരുന്നു. ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാന്‍ ശിവസേനയെ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന തന്ത്രം കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍റേതായിരുന്നു. ആ തന്ത്രം വേണ്ടെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

Read Also: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്ക് കോൺഗ്രസിന്റെ ക്ഷണം

ശിവസേനയുമായി സഖ്യം വേണ്ട. പുറത്തുനിന്നുള്ള പിന്തുണയും വേണ്ടെന്നാണ്  ഹൈക്കമാന്‍ഡിന്‍റെ  തീരുമാനം. അശോക് ചവാന്‍റെ നിര്‍ദ്ദേശത്തെ എന്‍സിപി നേതാവ് ശരദ് പവാര്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നു. എന്‍സിപി ഇക്കാര്യത്തില്‍ അഭിപ്രായം മാറ്റിയാലും ശിവസേനയെ പിന്തുണക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

Read Also: 'പുലി ഒരിക്കലും പുല്ല് തിന്നാറില്ല'; ശിവസേനയ്ക്ക് കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന് ബിജെപി നേതാവ്

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് നിലപാട് കടുപ്പിച്ചതോടെയാണ് ബിജെപി ശിവസേനയുമായി ഇടഞ്ഞത്. മുഖ്യമന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്. അമിത് ഷാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ ഉറപ്പ് തന്നിട്ടുണ്ടെന്നും പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറേ പറഞ്ഞിരുന്നു.  മുന്‍ധാരണയില്‍ നിന്ന് ബിജെപി പിന്നോട്ട് പോയാല്‍ സര്‍ക്കാരുണ്ടാക്കാന്‍ വേറെ വഴി നോക്കുമെന്നും ശിവസേന വ്യക്തമാക്കിയിരുന്നു.

Read Also: 50-50 ഫോര്‍മുലയില്ലെങ്കില്‍ സര്‍ക്കാറുണ്ടാക്കാന്‍ വേറെ വഴി നോക്കുമെന്ന് ബിജെപിയോട് ശിവസേന

ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചിരുന്നു. അധികാരം തുല്യമായി പങ്കുവയ്ക്കാമെന്ന് അമിത് ഷാ ആര്‍ക്കും ഉറപ്പു കൊടുത്തിട്ടില്ലെന്നും ഫഡ്നാവിസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ്, ശിവസേന ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചുവന്നാല്‍ പിന്തുണയെക്കുറിച്ച് ആലോചിക്കാമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടതും അതിനെ ഹൈക്കമാന്‍ഡ് തള്ളിയതും. 

Read Also: മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് ഫഡ്നാവിസ്