''ഭരണഘടന എല്ലാവര്‍ക്കും തുല്യമായ അവകാശം നല്‍കി. എന്നാലും അംബേദ്കറെ അവഹേളിക്കാന്‍ ലഭിച്ച ഒരവസരവും കോണ്‍ഗ്രസ് പാഴാക്കിയില്ല. അദ്ദേഹം ജീവിച്ചിരുന്നപ്പോഴും മരണശേഷവും കോണ്‍ഗ്രസ് അദ്ദേഹത്തെ അധിക്ഷേപിച്ചു''-അമിത് ഷാ പറഞ്ഞു.
പുണെ: ജീവിതകാലത്തും മരണശേഷവും ഭരണഘടനാ ശില്‍പിയായ ഡോ. ബിആര്‍ അംബേദ്കറെ (BR Ambedkar) കോണ്‍ഗ്രസ് (Congress) അധിക്ഷേപിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit shah). പുണെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മാണത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. പരിപാടിയില്‍ അംബേദ്കറുടെ പ്രതിമ അനാച്ഛാദനവും അമിത് ഷാ നിര്‍വഹിച്ചു. ''ഭരണഘടന എല്ലാവര്‍ക്കും തുല്യമായ അവകാശം നല്‍കി. എന്നാലും അംബേദ്കറെ അവഹേളിക്കാന്‍ ലഭിച്ച ഒരവസരവും കോണ്‍ഗ്രസ് പാഴാക്കിയില്ല. അദ്ദേഹം ജീവിച്ചിരുന്നപ്പോഴും മരണശേഷവും കോണ്‍ഗ്രസ് അദ്ദേഹത്തെ അധിക്ഷേപിച്ചു''-അമിത് ഷാ പറഞ്ഞു.
രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന അംബേദ്കര്‍ക്ക് നല്‍കിയത് കോണ്‍ഗ്രസ് ഇതര സര്‍ക്കാറാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് അംബേദ്കറുമായി ബന്ധപ്പെട്ട അഞ്ച് സ്ഥലങ്ങള്‍ സ്മൃതി സ്ഥല്‍ എന്ന പേരില്‍ സംരക്ഷിച്ചതെന്നും അമിത് ഷാ അവകാശപ്പെട്ടു. അംബേദ്കര്‍ കൂടുതല്‍ ആളുകളില്‍ എത്തുമെന്നതിനാല്‍ കോണ്‍ഗ്രസ് ഭരണഘടനാ ദിനം ആചരിച്ചില്ല. നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ ഭരണഘടനാ ദിനം ആഘോഷിച്ച് തുടങ്ങി. എന്നാല്‍ കോണ്‍ഗ്രസ് എതിര്‍ത്തു. അതേ കോണ്‍ഗ്രസ് ഇപ്പോള്‍ അംബേദ്കറെക്കുറിച്ച് സംസാരിക്കുന്നു. അംബേദ്കറുടെ സംഭാവനകള്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കും. അംബേദ്കറുടെ ഗ്രന്ഥം(ഭരണഘടന) അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമന്ത്രി ഇന്ത്യയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
