Asianet News MalayalamAsianet News Malayalam

'ഈദ് പ്രാര്‍ത്ഥനയ്ക്കായി ഒന്നിച്ച് കൂടാന്‍ അനുവദിക്കണം'; ആവശ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ്

സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്കെല്ലാം ഈദ്ഗാഹ് മൈതാനത്തും മസ്ജിദുകളിലും രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം. എല്ലാ മുന്‍കരുതലുകളും സുരക്ഷാ ക്രമീകരണങ്ങളും എടുത്ത ശേഷം മാത്രം മതി ഇങ്ങനെ ഒരു സൗകര്യം ഒരുക്കേണ്ടതെന്നും ഇബ്രാഹിം

Congress leader asks Karnataka CM BS Yediyurappa to allow Muslims to assemble for Eid prayers
Author
Bengaluru, First Published May 14, 2020, 10:50 AM IST

ബംഗളൂരു: ഈദ് പ്രാര്‍ത്ഥനയ്ക്കായി മുസ്ലീങ്ങളെ ഒന്നിച്ച് കൂടാന്‍ അനുവദിക്കണമെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹിം. ഈ ആവശ്യമുയര്‍ത്തി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് ഇബ്രാഹിം കത്തെഴുതി. ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഈദുൽ ഫിത്ർ പ്രാര്‍ത്ഥനയ്ക്കായി ഒന്നിച്ച് കൂടാന്‍ അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.

സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്കെല്ലാം ഈദ്ഗാഹ് മൈതാനത്തും മസ്ജിദുകളിലും രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം. എല്ലാ മുന്‍കരുതലുകളും സുരക്ഷാ ക്രമീകരണങ്ങളും എടുത്ത ശേഷം മാത്രം മതി ഇങ്ങനെ ഒരു സൗകര്യം ഒരുക്കേണ്ടതെന്നും കത്തില്‍ പറയുന്നു.

അതേസമയം, രാജ്യത്ത് കൊവിഡ് വൈറസ് രോഗം ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ മരിച്ചവരുടെ എണ്ണം134 ആയി ഉയർന്നു. ഇതോടെ ആകെ മരണസംഖ്യ 2549 ആയി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78,003 ലേക്ക് എത്തി. 24 മണിക്കൂറിൽ 3722 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ എല്ലാ പ്രതിരോധവും തകർത്ത്  കൊവിഡ് കേസുകൾ ഭീകരമാം വിധം ഉയരുകയാണ്. ആകെ രോഗികളുടെ എണ്ണം കാൽ ലക്ഷം കടന്നു. 975 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ 1495 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. ഗുജറാത്തിൽ രോഗികളുടെ എണ്ണം ഒൻപതായിരം കടന്നു. 566  പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. രണ്ടു ലക്ഷത്തിലേറെ പേർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 364 പേർക്ക് രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾക്കുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ആന്ധ്രാപ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. നാല്പത്തിയാറുപേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ആയിരത്തിലേറെ പേർക്ക് രോഗം ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 48 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
 

Follow Us:
Download App:
  • android
  • ios