മധ്യപ്രദേശിലെ നഗാഡ-ഖച്റോഡ് മണ്ഡലത്തിൽ ബിജെപിയുടെ ഡോ. തേജ്ബഹാദൂർ സിംഗ് ചൗഹാൻ കോൺഗ്രസിന്റെ ദിലീപ് സിംഗ് ഗുർജറിനെ 15,927 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

 ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സംശയമുണർത്തി കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിങ്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് സംശയിക്കുന്നതായി അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു, തെളിവായി അദ്ദേഹം രണ്ട് സ്ക്രീൻ ഷോട്ടുകളും പുറത്തുവിട്ടു. ബിജെപി പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ ഫലത്തിലെയും സാമ്യതയാണ് ദി​ഗ് വിജയ് സിങ് ചൂണ്ടിക്കാട്ടിയത്. ഖച്റോഡ് നിയമസഭാ സീറ്റിൽ ഓരോ സ്ഥാനാർത്ഥിക്കും എത്ര വോട്ട് ലഭിച്ചുവെന്നും മാർജിൻ എത്രയാണെന്നും ബിജെപി പ്രവർത്തകൻ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് പ്രവചിച്ചത് കൃത്യമായതെങ്ങനെയെന്നും ദി​ഗ് വിജയ് സിങ് ചോദിച്ചു. മധ്യപ്രദേശിലെ നഗാഡ-ഖച്റോഡ് മണ്ഡലത്തിൽ ബിജെപിയുടെ ഡോ. തേജ്ബഹാദൂർ സിംഗ് ചൗഹാൻ കോൺഗ്രസിന്റെ ദിലീപ് സിംഗ് ഗുർജറിനെ 15,927 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.


ബിജെപി അനുയായി അനിൽ ചജ്ജേദിന്റെ പ്രൊഫൈലിൽ ഡിസംബർ ഒന്നിന് സമാനമായ ഫലം വന്നെന്ന് ദി​ഗ് വിജയ് സിങ് ചോദിച്ചു. ഉജ്ജൈൻ ജില്ലയിലെ അസംബ്ലി മണ്ഡലത്തിൽ 1,78,364 വോട്ടുകൾ പോൾ ചെയ്തതായി ഡിസംബർ 1 ലെ പോസ്റ്റിൽ ചജ്ജേദ് കുറിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് 93,000 വോട്ടും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 77,000 വോട്ടുമാണ് അദ്ദേഹം പ്രവചിച്ചത്. ഫലം വന്നപ്പോൾ 93,552 (ബിജെപി), 77,625 (കോൺഗ്രസ്) എന്നിങ്ങനെയായിരുന്നു വോട്ടുനില. 

എന്നാൽ ദി​ഗ് വിജയ് സിങ്ങിന്റെ ആരോപണത്തെ ബിജെപി തള്ളി. അദ്ദേഹത്തിന് വോട്ടിങ് യന്ത്രത്തെ മാത്രമല്ല, ഒന്നിനെയും വിശ്വാസമില്ലെന്ന് ബിജെപി നേതാവും എംഎൽഎയുമായ രാമേശ്വർ ശർമ്മ പറഞ്ഞു. അതേസമയം, അനിൽ ചജ്ജേദ് പാർട്ടി പ്രവർത്തകനാണോയെന്ന് ബിജെപി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ചിപ്പ് ഉള്ള ഏത് മെഷീനും ഹാക്ക് ചെയ്യപ്പെടാം. 2003 മുതൽ ഇവിഎം വഴി വോട്ട് ചെയ്യുന്നതിനെ ഞാൻ എതിർക്കുന്നു. പ്രൊഫഷണൽ ഹാക്കർമാരാൽ നമ്മുടെ ഇന്ത്യൻ ജനാധിപത്യത്തെ നിയന്ത്രിക്കാൻ നമുക്ക് അനുവദിക്കാമോ! എല്ലാ രാഷ്ട്രീയ പാർട്ടികളും അഭിസംബോധന ചെയ്യേണ്ട അടിസ്ഥാനപരമായ ചോദ്യമാണിതെന്നും ദി​ഗ് വിജയ് പറഞ്ഞു.