ദില്ലി: ഹവാല പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള കർണാടക കോൺ​ഗ്രസ് നേതാവ് ഡികെ ശിവകുമാർ ദില്ലിയിലെ ആർഎംഎൽ ആശുപത്രിയിൽ തുടരുന്നു. കഴിഞ്ഞ ദിവസമാണ് ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേസിൽ ശിവകുമാറിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാനുണ്ടെന്ന ഇഡിയുടെ വാദം അംഗീകരിച്ച കോടതി കസ്റ്റഡി കാലാവധി ചൊവ്വാഴ്ച വരെ നീട്ടിയിരുന്നു.

ശിവകുമാറിന്റെ ആരോ​ഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന കോടതി നർദ്ദേശമനുസരിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ശിവകുമാറിന്റെ ആരോ​ഗ്യ സ്ഥതി മെച്ചപ്പെട്ടതിന് ശേഷം ചോദ്യം ചെയ്യൽ തുടർന്നേക്കുമെന്നാണ് വിവരം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവകുമാറിന്‍റെ  മകൾ ഐശ്വര്യയെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു. 2013ൽ ഒരു കോടി രൂപ ആസ്തിയുണ്ടായിരുന്ന ഐശ്വര്യയുടെ സമ്പത്ത് 2018 ആയപ്പോഴേക്കും 100 കോടിയായി ഉയർന്നതായി എൻഫോഴ്സ്മെന്‍റ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഐശ്വര്യയും അച്ഛൻ ശിവകുമാറും 2017 ജൂലൈയിൽ സിംഗപ്പൂർ സന്ദർശനത്തിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലാണ്.

2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.