ദില്ലി: കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കശ്മീര്‍ രാജാവായിരുന്ന ഹരി സിംഗിന്‍റെ മകനുമായ കരണ്‍ സിംഗ്. കേന്ദ്ര സര്‍ക്കാറിന് പിന്തുണ നല്‍കി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് കരണ്‍ സിംഗും രംഗത്തെത്തിയത്. ഇതോടെ കേന്ദ്ര നടപടിക്കെതിരെയുള്ള കോണ്‍ഗ്രസ് പോരാട്ടത്തിന് തിരിച്ചടിയായി. 

തിടുക്കപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തെങ്കിലും തീരുമാനത്തിന് പിന്നില്‍ നിരവധി നല്ല കാര്യങ്ങളുണ്ടെന്ന് കരണ്‍ സിംഗ് വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസിന് ഗുണമാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജമ്മു കശ്മീരിന്‍റെ പ്രഥമ ഗവര്‍ണറായിരുന്നു കരണ്‍ സിംഗ്. 

ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കിയ നടപടിയും സ്വാഗതാര്‍ഹമാണ്. കശ്മീര്‍ ജനതക്ക് പൗരാവാകാശങ്ങള്‍ ആസ്വദിക്കാന്‍ സാധിച്ചാല്‍ വലിയ നേട്ടമാകും. അതേസമയം, കശ്മീരിലെ രാഷ്ട്രീയ നേതാക്കളെയും  പാര്‍ട്ടികളെയും ദേശവിരുദ്ധരാക്കി ചിത്രീകരിക്കുന്ന ബിജെപി നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കരണ്‍ സിംഗ് വ്യക്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദീപേന്ദ്ര സിംഗ് ഹൂഡ, ജനാര്‍ദ്ദന്‍ ദ്വിവേദി, ഭുവനേശ്വര്‍ കലിത എന്നിവരും കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ചു. 

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പോരാട്ടം കനപ്പിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിന് പിന്തുണ നല്‍കി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ കശ്മീരില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാതെ തടഞ്ഞിരുന്നു.