Asianet News MalayalamAsianet News Malayalam

'രാഷ്ട്രപത്നി' പരാമർശത്തിൽ കോൺഗ്രസിനുള്ളിലും പ്രതിഷേധം; പരസ്യമായി വിമർശിച്ച് മനീഷ് തിവാരി

ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ ആരായാലും ആദരവ് അർഹിക്കുന്നു എന്ന മനീഷ് തിവാരി എംപി

Congress leader Manish Tewari publicly criticizes Adhir Ranjan Chowdhury
Author
Delhi, First Published Jul 29, 2022, 9:26 AM IST

ദില്ലി: ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ 'രാഷ്ട്രപത്നി' പരാമർശത്തിൽ കോൺഗ്രസിനുള്ളിലും എതിർപ്പ്. അധിർ രഞ്ജൻ ചൗധരിയെ തള്ളിപ്പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് പരസ്യ വിമർശനം ഉന്നയിച്ചത്. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ, സ്ത്രീയോ പുരുഷനോ, ആരുമാകട്ടെ അവ‍ർ ആദരവ് അർഹിക്കുന്നു എന്നാണ് മനീഷ് തിവാരി കുറിച്ചത്. അവരിരിക്കുന്ന പദവിയെ മാനിക്കണം. ലിംഗഭേദത്തിന്റെ ഭ്രമണ പഥത്തിൽ വഴിതെറ്റുന്നതിൽ അർത്ഥമില്ലെന്നും മനീഷ് തിവാരി എംപി കുറിച്ചു. 

അധിർ ര‍ഞ്ജൻ ചൗധരിയുടെ പരാമർശം വീണുകിട്ടിയ ആയുധമായി ഉപയോഗിക്കുന്ന ബിജെപിക്ക് കരുത്ത് പകരുന്നതാണ് മനീഷ് തിവാരിയുടെ പരാമർശം. 'രാഷ്ട്രപത്നി' പരാമർശത്തിൽ ഇന്നലെ ഭരണപക്ഷം പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. മന്ത്രിമാരായ സ്‍മൃതി ഇറാനിയും നിർമല സീതാരാമനും ചൗധരിയെ കണക്കറ്റ് വിമർശിച്ചു. സോണിയാ ഗാന്ധിയുടെ അറിവോടെയാണ് പരാമർശം എന്നായിരുന്നു നി‍ർമലയുടെ വിമർശനം. പാർലമെന്റിൽ ഇന്നും ബിജെപി വിഷയം ഉന്നയിക്കാനിരിക്കെയാണ് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കി മനീഷ് തിവാരിയുടെ വിമർശനം വന്നിരിക്കുന്നത്. ഇതാദ്യമായല്ല മനീഷ് തിവാരി ഇത്തരത്തിൽ പ്രതികരിച്ച് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. നേരത്തെ അഗ്നിപഥ് പദ്ധതിയെ കോൺഗ്രസ് ഒന്നടങ്കം എതിർത്തപ്പോൾ പദ്ധതിയെ ന്യായീകരിച്ചിരുന്നു മനീഷ് തിവാരി.

ഇതിനിടെ, അധിർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. 'രാഷ്ട്രപത്നി' പരാമർശത്തിൽ അധിർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു. ലോക‍്‍സഭ പ്രതിപക്ഷ നേതാവിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർ‍ദേശം. അടുത്ത മാസം മൂന്നിന് ഹാജരാകാനാണ് നിർദേശം നൽകിയിട്ടുള്ളത്. ചൗധരി നടത്തിയ പരാമർശം, അപമാനമുളവാക്കുന്നതും, സ്ത്രീവിരുദ്ധവും ആണെന്ന് വനിതാ കമ്മീഷൻ വിലയിരുത്തി. ഇതിനിടെ രാഷ്ട്രപതിയെ നേരിൽ കാണാൻ അധിർ രഞ്ജൻ ചൗധരി സമയം തേടിയിട്ടുണ്ട്. നേരിട്ട് ഖേദം അറിയിക്കാൻ തയ്യാറാണെന്നും ചൗധരി അറിയിച്ചു. 

ഇഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി 'രാഷ്ട്രപത്നി'യെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി 'രാഷ്ട്രപത്നി' എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ ര‍ഞ്ജന്‍ പറയുകയായിരുന്നു.


 

Latest Videos
Follow Us:
Download App:
  • android
  • ios