വെള്ളിയാഴ്ച രാത്രി ആരംഭിച്ച അക്രമസംഭവങ്ങളിൽ പ്രതിഷേധക്കാർ രണ്ട് എംഎൽഎമാരുടെയും സംസ്ഥാന ബിജെപി അധ്യക്ഷന്റെയും വീടുകൾ തകർത്ത് കൊള്ളയടിക്കുകയും ചെയ്തതു. പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ 40-ലധികം പൊലീസ് ഉദ്യോഗസ്ഥർക്കും കേന്ദ്ര സേനാംഗങ്ങൾക്കും പരിക്കേറ്റു.

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സിയാങ് അപ്പർ മൾട്ടിപർപ്പസ് വൈദ്യുത പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ വ്യാപക അതിക്രമം. നിർദ്ദിഷ്ട 11,200 മെഗാവാട്ട് സിയാങ് അപ്പർ മൾട്ടിപർപ്പസ് വൈദ്യുത പദ്ധതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ അക്രമാസക്തരായ നാട്ടുകാർ ബിജെപി എം.എൽ.എമാരുടെ വീടുകൾ കൊള്ളയടിച്ചു. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ (എൻ.എച്ച്.പി.സി) ഓഫീസിനും പൊലീസ് സ്റ്റേഷനുമടക്കം പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ഈസ്റ്റ് സിയാങ് ജില്ലയിലെ പസിഘാട്ടിലാണ് മൾട്ടിപർപ്പസ് വൈദ്യുത പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച അക്രമസംഭവങ്ങളിൽ പ്രതിഷേധക്കാർ രണ്ട് എം.എൽ.എമാരുടെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്റെയും വീടുകൾ തകർത്ത് കൊള്ളയടിക്കുകയും ചെയ്തതു.

പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ 40-ലധികം പൊലീസ് ഉദ്യോഗസ്ഥർക്കും കേന്ദ്ര സേനാംഗങ്ങൾക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരു ഡിഎസ്പിയെ ദിബ്രൂഗഢിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഉദ്യോഗസ്ഥരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും അക്രമികൾ കല്ലെറിഞ്ഞു. ടിയർ ഗ്യാസ് ഷെൽ ഏറ്റ് ഒരു പ്രതിഷേധക്കാരന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികൾ മോശമായതിനെ തുടർന്ന് പാസിഘട്ട്, മേബോ, റുക്സിൻ എന്നീ മേഖലകളിൽ ഈസ്റ്റ് സിയാംഗ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

ഈസ്റ്റ് സിയാങ് ജില്ലയിൽ 'ആദി ബാനെ കെബാംഗ് യുണൈറ്റഡ്' ഉൾപ്പെടെയുള്ള സംഘടനകൾ പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ദ് അവസാനിച്ചതിന് പിന്നാലെയാണ് പെട്ടെന്ന് ഒരു കൂട്ടം യുവാക്കൾ പാസിഘട്ട്-ബോലെങ് ദേശീയപാത ഉപരോധിച്ച് അനിശ്ചിതകാല ധർണ തുടങ്ങിയതും രാത്രിയോടെ അക്രമത്തിലേക്ക് തിരിഞ്ഞതും. സംഭവത്തിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. വിഷയം ബന്ധപ്പെട്ട സംഘടനകളുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക