Asianet News MalayalamAsianet News Malayalam

'ജനങ്ങൾ സഹായത്തിനായി കരയുന്നു, നിങ്ങൾ റാലികളിൽ നിന്ന് ചിരിക്കുന്നു'; കേന്ദ്രസര്‍ക്കാരിനെതിരെ പ്രിയങ്ക ​ഗാന്ധി

സഹായത്തിനും ഓക്സിജനും വേണ്ടി ജനങ്ങൾ കരയുമ്പോൾ, പ്രധാനമന്ത്രിയും മറ്റ് നേതാക്കളും തെരഞ്ഞെടുപ്പ് റാലികളിൽ തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ പ്രിയങ്ക ​ഗാന്ധി  കുറ്റപ്പെടുത്തി.
 

congress leader Priyanka Gandhi criticize modi government
Author
Delhi, First Published Apr 21, 2021, 4:42 PM IST

ദില്ലി: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. കൊവിഡ് ബാധ മൂലമുണ്ടായ മരണ നിരക്ക്, ആശുപത്രി കിടക്കകളുടെ ദൗർലഭ്യം, മരുന്നുകൾ, ഓക്സിജൻ ഇവയുടെ പ്രതിസന്ധികൾ എന്നിവയെ  സംബന്ധിച്ച പരാതികളിലാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ​ഗാന്ധി എത്തിയിരിക്കുന്നത്. കൊവിഡ് ബാധിതരോട് മോദി നിസ്സം​ഗമായിട്ടാണ് പെരുമാറുന്നതെന്ന് പ്രിയങ്ക ​ഗാന്ധി ആരോപിച്ചു. സഹായത്തിനും ഓക്സിജനും വേണ്ടി ജനങ്ങൾ കരയുമ്പോൾ, പ്രധാനമന്ത്രിയും മറ്റ് നേതാക്കളും തെരഞ്ഞെടുപ്പ് റാലികളിൽ തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ പ്രിയങ്ക ​ഗാന്ധി  കുറ്റപ്പെടുത്തി.

'ഇന്നും അവർ പ്രചാരണത്തിരക്കിലാണ്. റാലികളിൽ പങ്കെടുത്ത് വേദിയിൽ നിന്ന് ചിരിക്കുന്നു. പശ്ചിമബം​ഗാളിലെ പ്രചാരണത്തെ മാറ്റിനിർത്തി, കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് ജനങ്ങളുമായി തുറന്ന ആശയവിനിമയം നടത്തണം.' പ്രിയങ്ക ​ഗാന്ധി പറഞ്ഞു. 'ആളുകൾ കരയുന്നു, സ​ഹായത്തിനായി നിലവിളിക്കുന്നു, ഓക്സിജനും കിടക്കകളും മരുന്നുകളും അന്വേഷിക്കുന്നു. നിങ്ങൾ റാലികളിൽ പോയി നിന്ന് ചിരിക്കുന്നു. എങ്ങനെയാണിത് സാധിക്കുന്നത്?' പ്രിയങ്ക ചോദിച്ചു. പ്രതിപക്ഷത്തോടും മെഡിക്കൽ രം​ഗത്തെ വിദ​ഗ്ധരോടും സർക്കാർ ചർച്ച നടത്തണമെന്നും പ്രിയങ്ക ​ഗാന്ധി കൂട്ടിച്ചേർത്തു.

'ഐഎസ്ഐയോട് പോലും ചർച്ച നടത്താൻ സാധിക്കുന്ന സർക്കാരാണിത്. അവർ ദുബായിൽ ഐഎസ്ഐയുമായി ചർച്ച നടത്തുന്നു. എന്തുകൊണ്ടാണ് അവർ പ്രതിപക്ഷവുമായി ചർച്ച നടത്താൻ തയ്യാറാകാത്തത്? ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകാൻ തയ്യാറുള്ളവരാണ് പ്രതിപക്ഷ നേതാക്കൾ.' ജനാധിപത്യത്തിൽ, പ്രതിസന്ധിയുടെ സമയത്തെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത ചർച്ചകളും ആശയവിനിമയവുമാണെന്നും പ്രിയങ്ക ​ഗാന്ധി ചൂണ്ടിക്കാണിച്ചു. 

Follow Us:
Download App:
  • android
  • ios