ദില്ലി: പ്രധാനമന്ത്രി മോദിയുമായി തനിക്ക് പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടെന്നും എന്നാൽ പരസ്പരം പോരടിക്കാനുള്ള സമയമല്ല ഇതെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. സംസ്ഥാനങ്ങളിലേക്ക് അധികാര വികേന്ദ്രീകരണം നൽകണമെന്നാണ് തന്റെ അഭിപ്രായമെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളുമായി മോദി കൂടുതൽ വിശദമായ ആശയവിനിമയത്തിന് തയ്യാറാകണം. എന്നാൽ വ്യത്യസ്ത രീതിയിലുള്ള പ്രവർത്തനശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. 

'കൊവിഡ് 19 പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയില്ല. തന്ത്രപരമായി കൈകാര്യം ചെയ്യണം. അവരവരുടേതായ രീതിയിൽ ഈ മഹാവ്യാധിയെ പിടിച്ചു കെട്ടാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം ആവശ്യമാണ്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണമുണ്ടായിരിക്കണം. അതേ സമയം സംസ്ഥാനങ്ങൾക്കും അവരുടെ പ്രദേശങ്ങളിൽ അധികാരമുണ്ടായിരിക്കണം.' രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ വിമർശിക്കാനോ പോസ്റ്റ്മോർട്ടം ചെയ്യാനോ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും ​രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായി മാറാതിരിക്കാൻ പരിശോധനകൾ കർശനമായി നടത്തേണ്ടത് അത്യാവശ്യമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. 

'ലോക്ക്ഡൗണിന് വൈറസിനെ പരാജയപ്പെടുത്താൻ കഴിയില്ല. പരിശോധനകൾ വർദ്ധിപ്പിക്കുകയാണ് വേണ്ടത്. വൈറസിനെ നമ്മൾ പരിശോധനയിലൂടെ പിന്തുടരണം. വൈറസിനെ മറികടന്ന് പോകാൻ നമുക്ക് സാധിക്കണം. സർക്കാരിന് നൽകാനുള്ള ഉപദേശം ഇതാണ്. തന്ത്രപരമായും ആക്രമണോത്സുകതയോടും പരിശോധനകൾ നടത്തേണ്ടതാവശ്യമാണ്.' രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു