പാക്കിസ്ഥാന്‍ പ്രസിഡന്‍റ് ആരിഫ് അല്‍വിയുമായി കോണ്‍ഗ്രസ് നേതാവ് ശത്രുഘന്‍ സിന്‍ഹയുടെ കൂടിക്കാഴ്ച. ശനിയാഴ്ചയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം  നിലനിര്‍ത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് ശത്രുഘന്‍ സിന്‍ഹ പാക്കിസ്ഥാനിലെത്തിയത്. തുടര്‍ന്ന് ഗവര്‍ണര്‍ ഹൗസിലെത്തി അദ്ദേഹം പാക് പ്രസിഡന്‍റിനെ കാണുകയായിരുന്നു.

കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സമാധാനം നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കാമെന്ന് ഇരുവരും ഉറപ്പുനല്‍കി. ''സാമൂഹിക സാംസ്കാരിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ശത്രുഘന്‍ സിന്‍ഹ വ്യക്തമാക്കി. 

കശ്മീരില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളിലുള്ള തന്‍റെ ഉത്‌കണ്‌ഠ ശത്രുഘന്‍ സിന്‍ഹ അംഗീകരിച്ചുവെന്ന് ആരിഫ് ആല്‍വിയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്. കശ്മീരിന്‍റെ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞ ഓഗസ്റ്റ് മുതല്‍ കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇതോടെ കശ്മീരിലെ പ്രമുഖ നേതാക്കളെ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയുമടക്കമുള്ള നേതാക്കള്‍ മാസങ്ങളായി തടങ്കലിലാണ്.