Asianet News MalayalamAsianet News Malayalam

farm laws| 'കരിനിയമങ്ങൾ പിന്‍വലിച്ചത് നിവര്‍ത്തിയില്ലാതെ'; പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

വൈകിയാണെങ്കിലും കേന്ദ്രസർക്കാരിന് തിരിച്ചറിവുണ്ടായെന്നും നിയമങ്ങൾ പിൻവലിച്ചത് ഉചിതമായ നടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുളളവർ ചെയ്ത സമരത്തിന്റെ വിജയമാണിതെന്നും ചെന്നിത്തല പറഞ്ഞു. 

congress leaders respond to central government decision to withdraw farm laws
Author
Delhi, First Published Nov 19, 2021, 11:43 AM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: വിവാദ കാര്‍ഷിക നിയമങ്ങള്‍ (farm laws) കേന്ദ്രം പിന്‍വലിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ (congress). കര്‍ഷകര്‍ക്ക് എതിരായ കരിനിയമങ്ങൾ കേന്ദ്രസര്‍ക്കാര്‍ പിൻവലിച്ചത് നിവര്‍ത്തിയില്ലാതെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കർഷക സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കി. കോൺഗ്രസ് പാർലമെന്‍റിന് അകത്തും പുറത്തും നടത്തിയ സമരം ശരിയാണെന്ന്‌ തെളിഞ്ഞെന്നും സതീശന്‍ പറഞ്ഞു. വൈകിയാണെങ്കിലും കേന്ദ്രസർക്കാരിന് തിരിച്ചറിവുണ്ടായെന്നും നിയമങ്ങൾ പിൻവലിച്ചത് ഉചിതമായ നടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുളളവർ ചെയ്ത സമരത്തിന്റെ വിജയമാണിതെന്നും ചെന്നിത്തല പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്‍റേത് വൈകിവന്ന വിവേകമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ പ്രതികരണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കര്‍ഷകസംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണ സമരത്തിനുണ്ടായിരുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും എതിര്‍പ്പുണ്ടാകുന്ന നടപടിയുമായി മുന്നോട്ട് പോയാല്‍ രാജ്യത്തെ ജനങ്ങളിനി അടങ്ങിയിരിക്കില്ല. ഇതിനേക്കാള്‍ വലിയ പ്രക്ഷോഭം വരും നാളുകളില്‍ രാജ്യത്തുണ്ടാകും. ഇന്ധനങ്ങളുടെ അമിത വിലകൂടി പരിഗണിക്കണമെന്നും ആന്‍റണി പറഞ്ഞു. 

സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കാന്‍ ഏഴുവര്‍ഷം വൈകിയെന്ന് ശശിതരൂര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ പിന്മാറ്റം തെരഞ്ഞെടുപ്പ് തിരച്ചടികള്‍ മൂലമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കാർഷകനിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം സ്വാർത്ഥതമൂലമാണ്. കർഷകരെ ഇന്നലെ വരെ ശത്രുക്കളായി കണ്ടവരാണ് പ്രധാനമന്ത്രി. ഇന്ന് എറ്റെടുക്കുന്നതിന് പിന്നിൽ സ്വാർത്ഥതയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

കാർഷിക നിയമം പിൻവലിക്കേണ്ടി വന്നത് മോദി സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആത്മവീര്യം ചോരാത്ത കർഷക സമൂഹത്തിന്റെ മുമ്പിൽ മോദിയും സർക്കാരും മുട്ട് മടക്കിയിരിക്കുന്നു. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വേണ്ടി പോരാട്ട ഭൂമിയിൽ നിലകൊണ്ട ആയിരക്കണക്കിന് പോരാളികൾക്ക് അഭിവാദ്യങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു വർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഗുരുനാനാക്ക് ദിനത്തിലാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക പ്രഖ്യാപനം. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ മാസം അവസാനം ചേരുന്ന പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

എന്നാല്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന കൊണ്ടുമാത്രം പിന്നോട്ടില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. പാര്‍ലമെന്‍റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ്  വരുത്തുന്നതില്‍ രേഖാമൂലമുള്ള ഉറപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് സമരത്തിലുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു. വരുന്ന ഇരുപത്തിയാറിന് സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാക്കും വരെ സമരഭൂമികളില്‍ കര്‍ഷകര്‍ സമരം തുടരും. നിയമം പിന്‍വലിക്കില്ലെന്ന് ഉറച്ച നിലപാടെടുത്ത കേന്ദ്രം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുതന്നെയാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിയമം പിന്‍വലിക്കുന്നതില്‍ ആര്‍എസ്എസിലും ബിജെപിയിലും രണ്ടഭിപ്രായമുയര്‍ന്നതും പിന്നോട്ടില്ലെന്ന നിലപാടെടുത്ത സര്‍ക്കാരിനെ രണ്ടാമതൊന്നാലോചിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios