മുംബൈ - ഗോവ ഹൈവേയിലെ കുഴികൾ 'പരിശോധിക്കാൻ' പോയ എംഎൽഎയും സംഘവും സബ് എഞ്ചിനീയറായ പ്രകാശ് ഷെഡേക്കറുടെ തലയിൽ ചളി ബക്കറ്റ് കമഴ്‍ത്തുകയായിരുന്നു.
മുംബൈ: റോഡില്‍ കുഴികള്‍ രൂപപ്പെട്ടതിന് എഞ്ചിനീയറുടെ ദേഹത്ത് ചളി കോരിയൊഴിച്ച കോൺഗ്രസ് എംഎൽഎ നിതേഷ് റാണെയെ അറസ്റ്റ് ചെയ്തു. മുംബൈ - ഗോവ ഹൈവേയിലെ കുഴികൾ 'പരിശോധിക്കാൻ' പോയ എംഎൽഎയും സംഘവും സബ് എഞ്ചിനീയറായ പ്രകാശ് ഷെഡേക്കറുടെ തലയിൽ ചളി ബക്കറ്റ് കമഴ്‍ത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ വലിയ പ്രതിഷേധമാണുയർന്നത്. ഇതേത്തുടർന്ന് ഇന്നലെ രാത്രിയോടെ എംഎൽഎ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. എംഎൽഎയ്‍ക്കൊപ്പം കൂട്ടാളികളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായൺ റാണെയുടെ മകനാണ് നിതേഷ് റാണെ. മുംബൈ ഗോവ ഹൈവേയിലെ കന്‍കവാലിക്ക് അടുത്തുള്ള ഒരു പാലത്തില്‍ വച്ച് വ്യാഴാഴ്ചയാണ് എംഎൽഎയും സംഘവും എഞ്ചിനീയറെ ആക്രമിച്ചത്. എഞ്ചിനീയറുടെ ദേഹത്ത് ചളി കോരിയൊഴിച്ചതിന് പിന്നാലെ അദ്ദേഹത്തെ എംഎല്‍എയും അനുയായികളും പാലത്തോട് ചേര്‍ത്ത് കെട്ടിയിടുകയും ചെയ്തു.
കനകാവ്‍ലിയിലെ റോഡിന്‍റെ ശോചനീയാവസ്ഥ നേരിട്ടറിയാന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്‍റിനും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തിയ എംഎല്‍എ റോഡിന്‍റെ നിലവിലെ സ്ഥിതി കണ്ട് എഞ്ചിനിയര്‍ പ്രകാശ് ഷെഡേക്കറോട് കയര്‍ത്ത് സംസാരിച്ചു. എങ്ങനെയാണ് ജനങ്ങള്‍ മണ്ണും ചെളിയും കുഴിയും നിറഞ്ഞ ഈ റോഡിലൂടെ ദിവസവും യാത്ര ചെയ്യേണ്ടതെന്ന് ചോദിച്ച എംഎല്‍എ, ജനങ്ങള്‍ ദിവസവും അനുഭവിക്കുന്ന അവസ്ഥ എഞ്ചിനീയറും മനസിലാക്കണമെന്ന് പറഞ്ഞ് ചെളിവെള്ളം ഷെഡേക്കറുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു.
'ജനങ്ങള്‍ ഇത് ദിവസവും സഹിക്കുന്നു. ഇപ്പോള്‍ നിങ്ങളും അത് അനുഭവിക്കണം...'' എന്ന് എംഎല്‍എ ആക്രോശിച്ചു. ചില സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് ചെളിയില്‍ കുളിച്ചുനില്‍ക്കുന്ന എഞ്ചിനിയറെ പിടിച്ച് റോഡിന്‍റെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കാന്‍ ചെളിയിലൂടെ നടത്തി.
ഇന്‍ഡോറില്‍ നഗരസഭാ ഉദ്യോഗസ്ഥരെ പൊതുജനമധ്യത്തിൽ ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗീയ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചിരുന്നു. അനധികൃത കയ്യേറ്റം തടയാന്‍ എത്തിയ സംഘത്തോട് തട്ടിക്കയറിയ ആകാശ് അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾ ഇവിടെ നിന്ന് പോയില്ലെങ്കിൽ അതിന് ശേഷം സംഭവിക്കുന്ന എന്തിനും നിങ്ങൾ ഉത്തരവാദിയായിരിക്കും എന്ന് ആക്രോശിച്ചു. തർക്കം മൂത്തപ്പോൾ ആകാശ് ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി.
