ബൂത്ത് തലത്തിലെ വോട്ടു കണക്ക് അടിയന്തിരമായ നല്‍കാൻ ലോക്സഭാ സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടെന്ന സംശയം പരിശോധിക്കാൻ കൂടിയാണ് ബൂത്ത് തല വിലയിരുത്തൽ.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ ബൂത്ത് തലത്തിൽ കോണ്‍ഗ്രസ് വിലയിരുത്തുന്നു. ബൂത്ത് തലത്തിലെ വോട്ടു കണക്ക് അടിയന്തിരമായ നല്‍കാൻ ലോക്സഭാ സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടെന്ന സംശയം പരിശോധിക്കാൻ കൂടിയാണ് ബൂത്ത് തല വിലയിരുത്തൽ.

വെള്ളിയാഴ്ചക്കകം ബൂത്ത് കണക്ക് അയക്കാനാണ് സ്ഥാനാര്‍ഥികളോട് എഐസിസി നിര്‍ദേശം. താഴെ തട്ടിലെ ദൗര്‍ബല്യം വിലയിരുത്തി പരിഹാരമാണ് പ്രധാന ഉദ്ദേശ്യം. പ്രത്യേകിച്ചും ബൂത്തിൽ സംഘടനയെ ശക്തിപ്പെടുത്തിയാലെ ഇനി രക്ഷയുള്ളൂവെന്ന അഭിപ്രായം പാര്‍ട്ടിയിൽ സജീവമാകുമ്പോഴാണ് ബൂത്ത് തല വിലയിുത്തൽ. 

ഉത്തരേന്ത്യയിൽ പൂര്‍ണമായും തുടച്ചു നീക്കപ്പെട്ട അവസ്ഥയിലായി കോണ്‍ഗ്രസ്. ഭരണം പിടിച്ച രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ് ഗഡിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇതിന്‍റെ കാരണങ്ങള്‍ വിലയിരുത്തി പരിഹാരം കാണാതെ മുന്നോട്ടു പോകാനാവില്ലെന്നാണ് നേതാക്കളുടെ പക്ഷം. സംസ്ഥാന ഘടകങ്ങളും സ്ഥാനാര്‍ഥികളും വോട്ടെണ്ണലിന് മുമ്പ് നടത്തിയ അവകാശവാദങ്ങളുടെ പൊള്ളത്തരം തിരിച്ചറിയാനും ബൂത്ത് തല കണക്കെടുപ്പ് അനിവാര്യമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. 

അസാധരണമായ തോതിൽ ബിജെപിക്ക് ഉയര്‍ച്ചയുണ്ടായിട്ടുണ്ടോ എന്ന് കൂടി ബൂത്ത് തല വിലയിരുത്തലിൽ പാര്‍ട്ടി പരിശോധിക്കും. അസാധാരണമായ തോതിൽ ബിജെപിക്ക് വോട്ടു കൂടിയെന്ന് ബോധ്യപ്പെട്ടാൽ വോട്ടിങ് യന്ത്ര ക്രമക്കേട് വിഷയം വീണ്ടും ഉയര്‍ത്താനും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.