ദില്ലിയിലെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അവർ കത്ത് നൽകി. സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ച് എത്തിയ ഒരാൾ തന്റെ കഴുത്തിലെ സ്വർണമാല കവർന്നുവെന്ന് എംപി പറഞ്ഞു.

ദില്ലി: ദില്ലിയിൽ പ്രഭാത നടത്തത്തിനിടെ കോൺ​ഗ്രസ് എംപിയുടെ സ്വർണമാല മോഷ്ടാവ് കവർന്നതിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും മോഷ്ടാവിനെ കുറിച്ച് സൂചന പോലുമില്ല. സിസിടീവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോദിച്ചു. അതേസമയം വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. രാജ്യതലസ്ഥാനത്തെ സുരക്ഷ വീഴ്ച്ച പാർലമെന്റിൽ അടക്കം ഉയർത്തി കേന്ദ്ര സർക്കാരിനെതിരെ നീക്കം ശക്തമാക്കാനാകും പ്രതിപക്ഷം ശ്രമം.

 കോൺഗ്രസ് എംപി സുധ രാമകൃഷ്ണന്റെ നാല് പവൻ തൂക്കമുള്ള മാലയാണ് പൊട്ടിച്ചത്. എംപി പൊലീസിൽ പരാതി നൽകി. തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള പാർലമെന്റ് അംഗമായ സുധ രാമകൃഷ്ണൻ, ഡിഎംകെയുടെ രാജാത്തിയുമൊത്ത് ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കുമ്പോഴാണ് മോഷ്ടാക്കൾ മാല പൊട്ടിച്ചതെന്ന് പരാതിയിൽ പറഞ്ഞു. 

ദില്ലിയിലെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അവർ കത്ത് നൽകി. സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ച് എത്തിയ ഒരാൾ തന്റെ കഴുത്തിലെ സ്വർണമാല കവർന്നുവെന്ന് എംപി പറഞ്ഞു. എംപിക്ക് നേരിയ പരിക്കേറ്റു. രാവിലെ 6.15 നും 6.20 നും ഇടയിൽ, ഞങ്ങൾ പോളണ്ട് എംബസിയുടെ ഗേറ്റ്-3 നും ഗേറ്റ്-4 നും സമീപം നടന്നപ്പോൾ ഹെൽമെറ്റ് ധരിച്ച് മുഖം പൂർണ്ണമായും മറച്ച് ഒരു സ്കൂട്ടിയിൽ സഞ്ചരിച്ച ഒരാൾ എതിർദിശയിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു എന്റെ സ്വർണ്ണ ചെയിൻ തട്ടിയെടുത്ത് ഓടിപ്പോയെന്നും എംപി പറഞ്ഞു. 

എന്റെ കഴുത്തിൽ പരിക്കേറ്റു, എന്റെ ചുരിദാറും കീറിപ്പോയി. എങ്ങനെയോ വീഴാതിരിക്കാൻ കഴിഞ്ഞു. ഞങ്ങൾ രണ്ടുപേരും സഹായത്തിനായി നിലവിളിച്ചുവെന്നും എംപി പറഞ്ഞു. ഇന്ത്യയുടെ ദേശീയ തലസ്ഥാനത്തെ അതീവസുരക്ഷാ മേഖലയിൽ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ലെങ്കിൽ, നമ്മുടെ ജീവനും വിലപിടിപ്പുള്ള വസ്തുക്കൾക്കും സുരക്ഷിതമാക്കാൻ കഴിയുന്നില്ലെങ്കിൽ എന്തുചെയ്യുമെന്നും അവർ ചോദിച്ചു.