Asianet News MalayalamAsianet News Malayalam

ഡ‍ിഎംകെയെ വിമര്‍ശിച്ച നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനെതിരെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്നത് ഇരുപാര്‍ട്ടികള്‍ക്കും തലവേദനയായിരിക്കുന്നതിനിടെയാണ് പുതിയ നടപടി.

congress ousted the leader who criticize dmk
Author
Chennai, First Published Jun 27, 2019, 3:29 PM IST

ചെന്നൈ: തമിഴ്‍നാട്ടില്‍ സഖ്യകക്ഷിയായ ഡിഎംകെയ്ക്കെതിരെ പരാമര്‍ശം നടത്തിയ നേതാവിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡണ്ട്‌ കരാട്ടെ ത്യാഗരാജനെയാണ് സസ്പെന്‍ഡ് ചെയ്തത്.  കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനെതിരെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്നത് ഇരുപാര്‍ട്ടികള്‍ക്കും തലവേദനയായിരിക്കുന്നതിനിടെയാണ് പുതിയ നടപടി.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെ ഡിഎംകെ നേതാവ് കെ എന്‍ നെഹ്റു നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. 'കോണ്‍ഗ്രസിനെ എത്ര നാള്‍ കൊണ്ടുനടക്കാനാണ്. എത്ര നാളായി ഈ പല്ലക്ക് ചുമക്കുന്നു. നാളെയും ഇത് ചെയ്യാൻ സ്റ്റാലിൻ  പറഞ്ഞ‌ാൽ ചെയ്യണം. ചെയ്യാതിരിക്കാനാകില്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്‍റെ പേരില്‍ ഡിഎംകെയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു നെഹ്റുവിന്‍റെ വാക്കുകള്‍. 

'ഡിഎംകെ സഖ്യം ഇല്ലെങ്കിലും കോൺഗ്രസിന് വിജയിക്കാനാകും'  എന്നാണ് ഇതിന് മറുപടിയായി കരാട്ടെ ത്യാഗരാജന്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍റ്  വിഷയത്തില്‍ ഇടപെട്ടതും ത്യാഗരാജനെ സസ്പെന്‍ഡ് ചെയ്തതും.  പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ത്യാഗരാജനെതിരായ നടപടിയെന്നാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം. 

ഇനി വരുന്ന ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സഖ്യമില്ലാതെ തനിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയിലെ ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. തമിഴ്‍നാട്ടില്‍ നിന്ന് കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കേണ്ടെന്ന തീരുമാനവും ഡിഎംകെയില്‍ ഉണ്ടായെന്നാണ് പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. 

Read Also: ഡിഎംകെ - കോൺഗ്രസ് സഖ്യത്തിൽ വിള്ളലോ? മൻമോഹൻ സിംഗിന് രാജ്യസഭാ സീറ്റ് നൽകില്ല

Follow Us:
Download App:
  • android
  • ios