Asianet News MalayalamAsianet News Malayalam

കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് : ഗെലോട്ടെങ്കിൽ മൽസരത്തിന് സാധ്യത,ജി 23യിൽ നിന്ന് തരൂരോ മനീഷ് തിവാരിയോ?

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ശശി തരൂരുമായി അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്

Congress President Election: Shashi Tharoor to convey his objection to the leadership
Author
First Published Aug 30, 2022, 8:36 AM IST

ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരത്തിന് സാധ്യത. അശോക് ഗെലോട്ടിനെ നിർദേശിച്ചാൽ ജി 23 നേതാക്കൾ ശശി തരൂരിനെ നിർത്തിയേക്കും. ഗാന്ധി കുടുംബത്തിൽ നിന്ന് ആകും അധ്യക്ഷനെത്തുന്നതെങ്കിൽ മൽസരം ഉണ്ടാകില്ല. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ പുതിയ പ്രസിഡണ്ടിന് കഴിയുമെന്ന് തരൂർ പറയുന്നു. 

 

എ ഐ സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോർട്ടുകളോട് ഇതുവരെ  ശശി തരൂർ എം പി പ്രതികരിച്ചിട്ടില്ല . ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ശശി തരൂരുമായി അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്. കോൺഗ്രസ് തെരഞ്ഞെടുപ്പ് രീതിയോട് ശശി തരൂർ കടുത്ത എതിർപ്പിലാണ്.കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് കൂടി മൽസരം വേണമായിരുന്നു എന്നാണ് ശശി തരൂർ പറയുന്നത്. ഈ എതിർപ്പ് പാർട്ടി നേതൃത്വത്തെ ശശി തരൂർ അറിയിച്ചേക്കും

കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായുള്ള കാത്തിരിപ്പ് നീളും,സമവായമായില്ല, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റി വക്കും

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായുള്ള കാത്തിരിപ്പ് നീളും.അടുത്ത മാസം 20നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സമവായത്തിലെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്താണ്. അദ്ധ്യക്ഷ പദം ഏറ്റെടുക്കുന്നതില്‍ ഇരുവരും വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. കുടംബത്തിന് പുറത്തു നിന്നൊരാള്‍ ഈ സാഥാനത്തേക്ക് വരണമെന്ന നിര്‍ദ്ദേശവും ചില നേതാക്കള്‍ മുന്നോട്ട് വക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ഭിന്നതയാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ നീളാന്‍ കാരണം. അശോക് ഗലോട്ടിൻറെ പേര് ഉയർന്നെങ്കിലും എതിർത്ത് മത്സരിക്കും എന്നാണ് ജി 23 ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. ഞായറാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗം പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള പുതിയ സമയക്രമം തീരുമാനിക്കും

'രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണം, ഇല്ലെങ്കില്‍ പ്രവര്‍ത്തകരെല്ലാം വീട്ടിലിരിക്കും'; ഗെഹ്ലോട്ട്

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ വരണമെന്നും അല്ലെങ്കില്‍ പ്രവര്‍ത്തകരെല്ലാം വീട്ടിലിരിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 'രാഹുല്‍ ഗാന്ധി രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണം. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കം, അല്ലെങ്കില്‍ പ്രവര്‍ത്തകര്‍ നിരാശരാകും, പലരും വീട്ടിലിരിക്കാന്‍ തയ്യാറാകും' - അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.   രാഹുല്‍ അധ്യക്ഷപദവിയിലേക്കെത്തണമെന്നത് രാജ്യത്തെ  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ഒറ്റക്കെട്ടായി  ആവശ്യപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  

രാഹുൽ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കുന്നതിന് കോണ്‍ഗ്രസിലെ എല്ലാവരും അനുകൂലിക്കുന്ന കാര്യമാണ്. ഇതില്‍  ഗാന്ധി കുടുംബമാണോ, ഗാന്ധി കുടുംബം അല്ലാ എന്നതിലൊന്നും കാര്യമില്ല. ഈ തീരുമാനം എല്ലാവരും അംഗീകരിക്കും. കാരണം ഇത് പാര്‍ട്ടിയുടെ പ്രശ്നമാണ്. കഴിഞ്ഞ 32 വർഷമായി ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ഒന്നും ആയിട്ടില്ലന്നും അശോക് ഗെഹ്‌ലോട്ട് പറയുന്നു. എന്നിട്ടും നരേന്ദ്ര മോദി ഗാന്ധികുടുംബത്തെ ഭയക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
 
രാജ്യത്ത് കഴിഞ്ഞ 75 വർഷമായി ഒന്നും നടന്നിട്ടില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിക്കുന്നത്.  എല്ലാവരും എന്തുകൊണ്ടാണ് കോൺഗ്രസിനെ ആക്രമിക്കുന്നത്?  അതിന് കാരണം കോൺഗ്രസ് പാർട്ടിയുടെയും രാജ്യത്തിന്റെയും ഡിഎൻഎയും ഒന്നാണ് എന്നത് കൊണ്ടാണ്. രാജ്യം സ്വാതന്ത്ര്യമാകുന്നതിന് മുമ്പും സ്വാതന്ത്ര്യത്തിനു ശേഷവും അത് അങ്ങെ തന്നെയാണ്.  എല്ലാ മതങ്ങളെയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിച്ച് കൊണ്ടുപോകാവ്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും  രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ജനാധിപത്യത്തെ 75 വര്‍ഷവും സംരക്ഷിച്ച് നിര്‍ത്തിയെന്നതാണ് ഇന്ത്യക്ക് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ വലിയ സംഭാവനയെന്ന് പറഞ്ഞ ഗെഹ്ലോട്ട്  അടുത്ത വർഷം നടക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നും വ്യക്തമാക്കി. "അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഞങ്ങൾ വിജയിക്കും. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത്ര എളുപ്പമുള്ള കളിയാകില്ല. ബിഹാറിൽ നിതീഷ് കുമാർ ബി.ജെ.പിക്ക് പ്രഹരം നൽകിയതും,  കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളുമൊക്കെ മോദി സര്‍‌ക്കാരിന് വലിയ തിരിച്ചടിയാണെന്നും അശോക് ഗെഹ്ലോട്ട്  പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios