ട്രെയിനിന് ​ഗ്രീൻ സി​ഗ്നൽ കിട്ടുന്നതു പോലെയുള്ള ചെറിയ കാര്യങ്ങളുടെ വരെ ക്രെഡിറ്റ് മോദിയെടുക്കാറുണ്ട്. മോർബി പാലം രണ്ട് കോടി രൂപ മുതൽമുടക്കി നവീകരിച്ചതിന്റെയും ക്രെഡിറ്റ് മോദിക്കാണ്. ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ പാലം തകർന്ന് 138 പേർ കൊല്ലപ്പെട്ടതും മോദിയുടെ ഐശ്വര്യം കൊണ്ടാണോന്ന് അറിയില്ല.

ബം​ഗളൂരു: ​ഗുജറാത്തിലെ മോർബി തൂക്കുപാലം ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമർശവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർ‌ജുൻ ഖാർ​ഗെ. മോദിയുടെ ഐശ്വര്യം കൊണ്ടാണോ പാലം തകർന്നതെന്നാണ് ഖാർ​ഗെ പരിഹസിച്ചത്. 

"ട്രെയിനിന് ​ഗ്രീൻ സി​ഗ്നൽ കിട്ടുന്നതു പോലെയുള്ള ചെറിയ കാര്യങ്ങളുടെ വരെ ക്രെഡിറ്റ് മോദിയെടുക്കാറുണ്ട്. മോർബി പാലം രണ്ട് കോടി രൂപ മുതൽമുടക്കി നവീകരിച്ചതിന്റെയും ക്രെഡിറ്റ് മോദിക്കാണ്. ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ പാലം തകർന്ന് 138 പേർ കൊല്ലപ്പെട്ടതും മോദിയുടെ ഐശ്വര്യം കൊണ്ടാണോന്ന് അറിയില്ല". മല്ലികാർജുൻ ഖാർ​ഗെ ബം​ഗളൂരുവിൽ പറഞ്ഞു. ഹിന്ദു മുസ്ലീം സംഘർഷങ്ങൾ, സ്ത്രീകൾക്കും ദളിതർക്കുമെതിരായ അതിക്രമങ്ങൾ, പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകർച്ച തുടങ്ങിയവയെക്കുറിച്ചൊക്കെ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെയും ഖാർ​ഗെ വിമർശിച്ചു. 

മോർബി ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മോദി പ്രധാനമന്ത്രിസ്ഥാനം രാജിവെക്കണമെന്നും ഖാർ​ഗെ ആവശ്യപ്പെട്ടു. പശ്ചിമബം​ഗാളിൽ പാലം തകർന്ന് അപകടമുണ്ടായപ്പോൾ മോദി വിമർശിച്ചതിനെ ചൂണ്ടിക്കാട്ടിയും ഖാർ​ഗെ അദ്ദേഹത്തെ കടന്നാക്രമിച്ചു. ജനങ്ങളുടെ കണ്ണ് തുറപ്പിക്കാനായി ദൈവം ചെയ്ത പ്രവൃത്തിയാണ് എന്നാണ് അന്ന് താങ്കൾ (മോദി) പറഞ്ഞത്. ഇപ്പോൾ മോർബിയിലെ പാലം ആരാണ് തകർത്തത്. ഖാർ​ഗെ ചോദിച്ചു. കോൺ​ഗ്രസാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്നും ബിജെപി ആരോപണത്തിനെതിരെയും ഖാർ​ഗെ പ്രതികരിച്ചു. തങ്ങളല്ല ബിജെപിയാണ് രാജ്യത്തെ തകർക്കുന്നത്. സത്യത്തിനുവേണ്ടിയാണ് തങ്ങളുടെ പോരാട്ടം. തങ്ങൾ സത്യത്തിന്റെ പക്ഷത്താണെന്നും മല്ലികാർജുൻ ഖാർ​ഗെ അഭിപ്രായപ്പെട്ടു. "മോദി ആകെ ചെയ്യുന്നത് ചില ക്ഷേത്രങ്ങളിൽ ചെന്ന് പൂജ നടത്തുക മാത്രമാണ്. അതുകൊണ്ട് രാജ്യം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. അദ്ദേഹം വീട്ടിലിരുന്നോ അല്ലാതെയോ പൂജ നടത്തിക്കോട്ടെ പക്ഷേ വിശക്കുന്നവന് ആഹാരം ലഭ്യമാക്കണം, പണപ്പെരുപ്പം നിയന്ത്രിക്കണം, തൊഴിലില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കണം. രൂപയുടെ മൂല്യം തകരുകയാണ്, അതേക്കുറിച്ചൊന്നും അദ്ദേഹത്തിനൊന്നും പറയാനില്ല". ഖാർ​ഗെ വിമർശിച്ചു.