ലഖ്നൗ: ഉത്തർപ്രദേശിലെ കൊവിഡ് വ്യാപനത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. രോ​ഗം വ്യാപിക്കുന്നതിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പിന്നോട്ട് പോയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സർക്കാർ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ല. മഹാമാരിയുടെ കാലത്ത്  രാഷ്ട്രീയത്തിന് അതീതമായി 
സർക്കാർ പ്രവർത്തിക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനയച്ച കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു.

21000ത്തിലധികം കൊവിഡ് കേസുകളാണ് ഉത്തർപ്രദേശിൽ വെള്ളിയാഴ്ച വരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1289 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. തലസ്ഥാനമായ ലഖ്നൗവിലാണ് കൊവിഡ് ബാധിതരിൽ ഏറിയ പങ്കും ഉള്ളത്. 

അതിനിടെ, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തോട് അടുക്കുകയാണ്. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,916 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷം കടന്നു. 13,36,86l പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 757 പേർകൂടി മരിച്ചതോടെ മരണസംഖ്യ 31,358 ആയി. അതേ സമയം രാജ്യത്തെ രോഗമുക്തി നിരക്ക് 63.53 ശതമാനമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  

Read Also: കൊവിഡ്: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ചു...