ദില്ലി: വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു വര്‍ഷത്തിനിടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒരു കോടിയിലധികം മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി. പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി അംഗങ്ങള്‍ തന്നെയായ രവി കിഷന്‍റെയും രാജീവ് പ്രതാപ് റൂഡിയുടെയും ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സര്‍ക്കാര്‍.

2014 ഏപ്രില്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1.1 കോടി മരങ്ങള്‍ മുറിച്ച് മാറ്റാന്‍ വിവിധ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയതായി പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ എഴുതി നല്‍കിയ മറുപടിയില്‍ അറിയിച്ചു. ഇതോടെ കോണ്‍ഗ്രസ് വിഷയത്തില്‍ കടുത്ത പ്രതികരണവുമായി രംഗത്ത് വന്നു.

ഇന്ത്യയുടെ ഭാവി ബിജെപി നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. മരങ്ങള്‍ ജീവനാണ്. മരങ്ങള്‍ തന്നെയാണ് ഓക്സിജന്‍. മരങ്ങള്‍ കാര്‍ബണ്‍ ഡയോക്സെെഡ് വലിച്ചെടുക്കുന്നു. പരിസ്ഥിതിയെ മരങ്ങള്‍ സംരക്ഷിക്കുന്നു എന്ന വാദമുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.

അതേസമയം, ദേശീയ വനവത്കരണ പദ്ധതിക്കായി നാലു വര്‍ഷത്തിനിടയില്‍ 328.90 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഒപ്പം വനവിസ്തൃതി വര്‍ധിച്ചതായും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി. 2015നേക്കാള്‍ വനവിസ്തൃതി 2017ലെ കണക്കില്‍ വന്നിട്ടുണ്ട്. കാട്ടുതീ മൂലം നശിക്കുന്ന മരങ്ങളുടെ കണക്ക് സര്‍ക്കാരിന്‍റെ പക്കലില്ലെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.