ദില്ലി: ദില്ലി കലാപകേസ് ഗൂഢാലോചനയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കാളിയെന്ന ദില്ലി പൊലീസിന്‍റെ കുറ്റപത്രത്തിനെതിരെ കോൺഗ്രസ്. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കളുടെ പേരുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത് ദുരുദ്ദേശത്തോടെയാണെന്ന് കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി പ്രതികരിച്ചു. പ്രതിപക്ഷത്തെ ഭയപ്പെടുത്താൻ നീക്കമാണെന്നും ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദില്ലി പൊലീസിനെ ഉപയോഗിച്ച് സാധാരണ പൗരന്മാരെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമർത്തുകയാണെന്നും കോൺഗ്രസിന്‍റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കുമെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കൾ ദില്ലി കലാപത്തിലെ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന കുറ്റപത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. യെച്ചൂരി ഉൾപ്പടെ 9 പ്രമുഖർക്കെതിരെയാണ് ദില്ലി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.  കേസിൽ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളുടെ മൊഴിയനുസരിച്ച് യെച്ചൂരിയും മറ്റുള്ളവരും കലാപത്തിന്‍റെ ഗൂഢാലോചനയിൽ പങ്കാളിയാണെന്നാണ് അനുബന്ധ കുറ്റപത്രത്തിലുള്ളത്. 

സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് , സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് എന്നിവരേയും അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദില്ലി കലാപക്കേസിൽ നേരത്തെ രണ്ട് ജെഎൻയു വിദ്യാര്‍ത്ഥികൾക്കും ഒരു ജാമിയ വിദ്യാത്ഥിക്കുമെതിരെയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇതിൽ ജാമിയ വിദ്യാര്‍ത്ഥിയുടെ മൊഴിയിൽ സിതാറാം യെച്ചൂരിക്കെതിരെ പരാമര്‍ശമുണ്ടെന്നാണ് അനുബന്ധ കുറ്റപത്രത്തിലുള്ളത്. കലാപത്തിന് മുമ്പുള്ള സമരങ്ങളിൽ സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാൻ ഇടപെട്ടു, സര്‍ക്കാരിന്‍റെ പ്രതിഛായ തകര്‍ക്കാൻ ശ്രമിച്ചുവെന്നും വിദ്യാര്‍ത്ഥികൾ പറഞ്ഞതായാണ് നേതാക്കൾക്കെതിരെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കലാപത്തിന് ഇവർ പ്രേരണ നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു.