ഒരാഴ്ച മുമ്പ് അംബാലയില്‍ നിന്നും ഝാന്‍സിയിലേക്ക് നടന്നുപോയ കുടിയേറ്റ തൊഴിലാളികളോട് ഡല്‍ഹിയിലെ സുഖ്ദേവ് വിഹാറില്‍ വച്ചാണ് രാഹുല്‍ ഗാന്ധി സംവദിക്കുന്നത്. 17 മിനിറ്റും 15 സെക്കന്റും ദൈർഘ്യമുണ്ട് വീഡിയോയ്ക്ക്.
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അതിഥി തൊഴിലാളികളുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട് കോൺഗ്രസ്. ഗ്രാമത്തിലേക്ക് നടന്നു പോകുകയായിരുന്ന അതിഥി തൊഴിലാളികളോട്, ഫുട്പാത്തിലിരുന്നാണ് രാഹുൽ ഗാന്ധി സംസാരിക്കുന്ന വീഡിയോയുടെ പൂർണ്ണ രൂപമാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഒരാഴ്ച മുമ്പ് അംബാലയില്‍ നിന്നും ഝാന്‍സിയിലേക്ക് നടന്നുപോയ കുടിയേറ്റ തൊഴിലാളികളോട് ഡല്‍ഹിയിലെ സുഖ്ദേവ് വിഹാറില്‍ വച്ചാണ് രാഹുല്‍ ഗാന്ധി സംവദിക്കുന്നത്. 17 മിനിറ്റും 15 സെക്കന്റും ദൈർഘ്യമുണ്ട് വീഡിയോയ്ക്ക്.
ഏകദേശം ഒരു മണിക്കൂർ സമയം തൊഴിലാളികൾക്കൊപ്പം രാഹുൽ ഗാന്ധി ചെലവഴിച്ചു. എന്തൊക്കെ പ്രതിസന്ധികളാണ് നേരിടുന്നത്. തൊഴിലിടങ്ങളിൽ നിന്ന് പലായനം ചെയ്യുന്നതെന്തു കൊണ്ടാണ്, നടന്നു പോകാൻ തീരുമാനിച്ചത്, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങി സർവ്വ കാര്യങ്ങളും തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് പങ്കുവച്ചു. പിന്നീട് കോൺഗ്രസ് പാർട്ടി ഒരുക്കിയ വാഹനങ്ങളിലാണ് ഇവർ യാത്ര തുടർന്നത്. പെട്ടെന്നൊരു ദിവസം രാജ്യം അടച്ചുപൂട്ടിയാൽ തങ്ങൾ എന്തു ചെയ്യും എന്നായിരുന്നു തൊഴിലാളികളുടെ ചോദ്യം. ജോലി നഷ്ടപ്പെട്ട്, പണമോ സമ്പാദ്യമോ കയ്യിലില്ലാത്ത സാഹചര്യത്തിൽ സ്വദേശത്തേയ്ക്ക് നടന്നു പോകുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല എന്നും തൊഴിലാളികൾ പറഞ്ഞു.
രാഹുല്‍ ഗാന്ധി അടുത്തെത്തി വിശേഷങ്ങള്‍ തിരക്കിയെന്ന് തൊഴിലാളികളിലൊരാളായ മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഞങ്ങളുടെ ബുദ്ധിമുട്ടുകളാണ് രാഹുല്‍ ജി ചോദിച്ചത്. പട്ടിണികിടന്ന് മരിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ പറഞ്ഞു. എവിടെയും ജോലിയില്ല. കഴിഞ്ഞ 50 ദിവസമായി ഇതാണ് അവസ്ഥയെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അന്വേഷിച്ച രാഹുല്‍ ഗാന്ധിയോട് നന്ദിയുണ്ട്. കഴിയുന്ന രീതിയില്‍ സഹായിക്കാമെന്നും അദ്ദേഹം വാക്കുതന്നു'. - മഹേഷ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മെയ് 16നാണ് രാഹുല്‍ ഗാന്ധി തൊഴിലാളികളുമായി സംവദിച്ചത്. അതിഥി തൊഴിലാളികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.
