ബംഗളൂരു: നാളെ വിശ്വാസം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളാന്‍ കോണ്‍ഗ്രസ് നീക്കം.  നാളെ  ഉച്ചക്ക് 1.30 ന് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ വാജുഭായ് വാല മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തയച്ചത്. എന്നാല്‍ അല്‍പ്പം മുമ്പ് ചേര്‍ന്ന  യോഗത്തില്‍ നാളെ വിശ്വാസവോട്ടെടുപ്പ് വേണ്ടെന്ന തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. 

വിശ്വാസവോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായെന്നും കുമാരസ്വാമിക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗവര്‍ണര്‍  അധികാര ദുര്‍വിനിയോഗമാണ് നടത്തിയിരിക്കുന്നതെന്ന  നിയമോപദേശമാണ് കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാളെ ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തും. ഗവര്‍ണര്‍ക്ക് ഈ ഘട്ടത്തില്‍  ഇടപെടാനുള്ള യാതൊരു അധികാരവുമില്ലെന്നാണ് കോണ്‍ഗ്രസിലെ പല നിയമവിഗദഗ്‍ധരും പറയുന്നത്.

വിശ്വാസ പ്രമേയം അവതരിപ്പിച്ചതില്‍ ഇപ്പോഴും നിയമസഭയില്‍ ചര്‍ച്ച തുടരുകയാണ്. എപ്പോള്‍ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്.  വിശ്വാസ പ്രമേയത്തിലുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഈ സമയത്ത് വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചുള്ള ഉപദേശം ഗവര്‍ണര്‍ നല്‍കേണ്ടതില്ല. വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കേണ്ട ബാധ്യത സ്പീക്കര്‍ക്കും നിയമസഭയ്ക്കുമാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം.