ദില്ലി: കോൺഗ്രസ് പാർലമെന്‍ററി നയരൂപീകരണ സമിതി യോഗം ഇന്ന് ചേരും. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നയങ്ങൾ യോഗം ചർച്ച ചെയ്യും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ചേക്കുമെന്ന സൂചനയ്ക്കിടെയാണ് യോഗം ചേരുന്നത്. സോണിയ ഗാന്ധിയുടെ വസതിയിൽ വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം. 

രാജ്യത്തിന്‍റെ 71 ാം റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ മൂല്യം കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധം രാജ്യമാകെ അരങ്ങേറിയിരുന്നു. അതിനിടെ ട്വിറ്ററിലൂടെ കോണ്‍ഗ്രസ് വ്യത്യസ്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് കോണ്‍ഗ്രസ് അയച്ചുകൊടുത്തു. ഔദ്യോഗിക ട്വിറ്ററര്‍ പേജിലൂടെ സന്ദേശം അയച്ച കോണ്‍ഗ്രസ്, രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിച്ച് നോക്കണമെന്നും കുറിച്ചിട്ടുണ്ട്.