മന്ത്രി യുവതിയെ അടിക്കുന്ന സംഭവം ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവാദമായത്. കർണാടകയിലെ അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണയാണ് യുവതിയുടെ മുഖത്തടിച്ചത്.

ബെംഗളൂരു: പട്ടയ വിതരണം ചെയ്യുന്ന പരിപാടിയിൽ യുവതിയെ കർണാടക മന്ത്രി മുഖത്തടിച്ച സംഭവത്തിൽ പ്രതിഷേധവുമായി കോൺ​ഗ്രസ്. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല രം​ഗത്തെത്തി. ബിജെപിയുടെ മന്ത്രിമാരുടെ തലയിൽ അഹങ്കാരം കയറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചെങ്കോട്ടയിൽ സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഇങ്ങനെയാണോ നിങ്ങൾ ഇന്ത്യയിലെ സ്ത്രീകളെ സംരക്ഷിക്കുന്നതും അവർക്ക് സുരക്ഷ നൽകുന്നതും. സ്ത്രീയെ പരസ്യമായി മർദ്ദിച്ച മന്ത്രിയെ പുറത്താക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും സുർജേവാല വിമർശിച്ചു. 

മന്ത്രി യുവതിയെ അടിക്കുന്ന സംഭവം ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവാദമായത്. കർണാടകയിലെ അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണയാണ് യുവതിയുടെ മുഖത്തടിച്ചത്. ചാമരാജനഗർ ജില്ലയിൽ സംഘടിപ്പിച്ച പട്ടയവിതരണ പരിപാടിയിലാണ് സംഭവം. പട്ടയം ലഭിക്കാത്തത് ചോദ്യം ചെയ്ത യുവതിയെയാണ് ക്ഷുഭിതനായ മന്ത്രി മുഖത്തടിച്ചത്. എന്നാൽ അടിയേറ്റിട്ടും യുവതി മന്ത്രിയുടെ പാദങ്ങളിൽ തൊട്ടുവണങ്ങുന്നത് കാണാം. സോമണ്ണ പിന്നീട് മാപ്പ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

പരാതി നൽകാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് ബിജെപി മന്ത്രി, സംഭവം കർണാടകയിൽ

കർണാടക ലാൻഡ് റവന്യൂ നിയമമനുസരിച്ച് ഭൂമി ക്രമപ്പെടുത്തിയ 175 ഓളം പേർക്ക് പട്ടയം അനുവദിച്ചു. പട്ടയം ലഭിക്കാത്തവർ പരാതി ബോധിപ്പിക്കാൻ മന്ത്രിയെ സമീപിച്ചപ്പോഴാണ് മന്ത്രി തന്നെ തല്ലിയതെന്നും യുവതി പറയുന്നു. രണ്ട് മണിക്കൂർ വൈകിയാണ് മന്ത്രി പരിപാടിക്കെത്തിയത്. കഴിഞ്ഞ വർഷം നിയമമന്ത്രി ജെ.സി. മധുസ്വാമി കർഷക സ്ത്രീയെ പരസ്യമായി അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എംഎൽഎ അരവിന്ദ് ലിംബാവലി ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് വിവാദമായി. കർണാടകയിലെ ഒരു കോളേജ് പ്രിൻസിപ്പലിനെ ജനതാദൾ (സെക്കുലർ) നേതാവ് തല്ലുന്നതും വിവാദമായിരുന്നു.