പതിനാല് മാസമായി ഉയർത്താതിരുന്ന വിലയാണ് ഇപ്പോൾ ഉയർത്തിയതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല 

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ആദ്യ ദിവസം തന്നെ പാവപ്പെട്ടവര്‍ക്ക് അടി നല്‍കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. പാചക വാതക വില വർധിപ്പിച്ചത് സാധാരണക്കാർക്കുള്ള പ്രഹരമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. പതിനാല് മാസമായി ഉയർത്താതിരുന്ന വിലയാണ് ഇപ്പോൾ ഉയർത്തിയതെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. 

ജൂൺ അഞ്ച് മുതൽ അമേരിക്ക ഇന്ത്യയ്ക്ക് നൽകിയിരുന്ന പ്രത്യേക വ്യാപാര പദവി പിൻവലിക്കാൻ തീരുമാനിക്കുന്നത് വൻ തിരിച്ചടിയാണ്. ഇത് 16 ശതമാനം കയറ്റുമതിയെ ബാധിക്കും. ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ തുടരുന്ന പദവിയാണ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. ഇത് രാജ്യത്തിനു വലിയ തിരിച്ചടിയാകും. 

അതേസമയം രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുന്നു എന്ന വാർത്ത‍ തെറ്റാണെന്നും സുര്‍ജ്ജേവാല പറഞ്ഞു. പാർട്ടിയുടെ അധ്യക്ഷനാണ് അദ്ദേഹം ഇപ്പോഴും. രാഹുൽ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷൻ. മറ്റെല്ലാ പ്രചാരണങ്ങളും തെറ്റാണ്. അഭ്യൂഹങ്ങളുടെ ആവശ്യമില്ല. പാർട്ടിയിൽ സമൂല മാറ്റത്തിന് പ്രവർത്തക സമിതി രാഹുലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ആ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയെന്നും സുര്‍ജ്ജേവാല വ്യക്തമാക്കി.