അങ്കിത ഭണ്ഡാരി കൊലക്കേസിലെ ആരോപണവിധേയനായ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണ്ണറായി നിയമിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി രാഷ്ട്രപതിക്ക് കത്തയച്ചു. സിബിഐ അന്വേഷണം പൂർത്തിയാകും വരെ നിയമനം പാടില്ലെന്നാണ് ആവശ്യം. ഭരണഘടനാ പദവി നൽകി പ്രതിയെ സംരക്ഷിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസും കുടുംബവും ആരോപിക്കുന്നു.

ദില്ലി: അങ്കിത ഭണ്ഡാരി കേസിലെ ആരോപണം ചൂണ്ടിക്കാട്ടി സിക്കിം ഗവര്‍ണ്ണര്‍ ദുഷ്യന്ത് ഗൗതമിന്‍റെ നിയമനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി. കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാകും വരെ നിയമനം തടയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഭരണഘടനാ പദവിയിലെത്തിയാല്‍ ക്രിമിനല്‍ നടപടികള്‍ തുടങ്ങാനോ തുടരാനോ കഴിയില്ലെന്ന് കത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.

2022ല്‍ ഉത്തരാഖണ്ഡിലെ റിസപ്ഷിനിസ്റ്റായ അങ്കിത ഭണ്ഡാരിയെ റിസോര്‍ട്ട് ഉടമയായ ബിജെപി നേതാവിന്‍റെ മകനും സംഘവും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. വിഐപിക്ക് കാഴ്ച വയക്കാനുള്ള നീക്കത്തെ അങ്കിത ചെറുത്തതാണ് കൊലപാതക കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കേസിലെ വിഐപി ദുഷ്യന്ത് ഗൗതമാണെന്നാണ് കുടുംബവും കോണ്‍ഗ്രസും ആരോപിക്കുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുളള പ്രതിഷേധങ്ങൾക്കിടെ ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ള കൊലക്കേസും ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലക്കേസിലെ ആരോപണ വിധേയനെ ഗവർണറാക്കി സംരക്ഷിക്കാനാണ് ബിജെപി നീക്കമെന്നാണ് പരാതി. ഇന്ത്യ ഗേറ്റിന് സമീപം ഇന്നലെ രാത്രി പ്രതിഷേധിച്ച അങ്കിതയുടെ മാതാപിതാക്കളെയും കോണ്‍ഗ്രസ് നേതാക്കളെയും പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

ഗ്യാനേഷ് കുമാറിന്റെ രാജിക്കായുളള പ്രക്ഷോഭങ്ങൾക്കിടെ ബിജെപി നേതാവും നിയുക്ത സിക്കീം ഗവർണറുമായ ദുഷ്യന്ത് ഗൗതമിനെയും ലക്ഷ്യമിടുകയാണ് കോണ്‍ഗ്രസ്. അങ്കിത ഭണ്ഡാരി കൊലക്കേസിൽ അന്വേഷണം നേരിടുന്ന ദുഷ്യന്തിനെ സംരക്ഷിക്കാനാണ് ഗവർണർ പദവിയെന്നാണ് ആരോപണം. 2022 സെപ്റ്റംബറിലാണ് ഋഷികേശിലെ റിസോർട്ടിൽ വച്ച് റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്. ബിജെപി നേതാവും റിസോർട് ഉടമയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുൾപ്പെടെ മൂന്ന് പേർ പിടിയിലായി. കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ജീവപരന്ത്യം ശിക്ഷിച്ചു. എന്നാൽ ദുഷ്യന്ത് ഗൗതമിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു. ദുഷ്യന്തിന്‍റെ മുറിയിൽ പോകാൻ പെൺകുട്ടിയോട് റിസോർട്ട് ഉടമ ആവശ്യപ്പെട്ടെന്നാണ് ആരോപണം.