കേരളത്തിൽ പുതിയ വോട്ടർമാരെയും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്താൻ ഒക്ടോബർ 31 വരെ പ്രത്യേക യജ്ഞം നടക്കുന്നു. വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്ക് വഴിയോ 1950 എന്ന നമ്പറിലോ സഹായം തേടാം. അർഹരായ ആരും പുറത്താകരുത് എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
തിരുവനന്തപുരം: പുതിയ വോട്ടര്മാരെയും വോട്ടര്പ്പട്ടികയില് നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉള്പ്പെടുത്തുന്നതിനായി സംസ്ഥാനത്ത് പ്രത്യേക പ്രചാരണ യജ്ഞം ആരംഭിച്ചു. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും അര്ഹരായ മുഴുവന് വോട്ടര്മാരെയും ഉള്പ്പെടുത്തുന്നതിനായാണ് ഒക്ടോബര് 15 മുതല് പ്രചാരണ യജ്ഞം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഒക്ടോബര് 31 വരെ വില്ലേജ് ഓഫീസുകളില് ഹെല്പ്പ് ഡെസ്ക് പ്രവര്ത്തിക്കും. വോട്ടര് പട്ടികയുമായി ബന്ധപ്പെട്ട് പരാതികളോ, ഫോറം-6 സമര്പ്പിക്കുന്നതിന് സഹായമോ ആവശ്യമുണ്ടെങ്കില് ഇവിടെ ബന്ധപ്പെടാവുന്നതാണ്. സഹായത്തിനായി 1950 എന്ന ഹെല്പ്പ് ലൈന് നമ്പറും പ്രവര്ത്തിക്കും.
പുതിയ വോട്ടര്മാര്ക്കോ മുമ്പ് ഒഴിവാക്കപ്പെട്ടുപോയ വോട്ടര്മാര്ക്കോ പട്ടികയില് പേര് ചേര്ക്കുന്നതിനായി ഫോറം 6 ഉപയോഗിച്ച് അപേക്ഷ സമര്പ്പിക്കാവുന്നതാണ്. വോട്ടര് പട്ടികയില് പേര് ഉള്പ്പെടുത്തുന്നതിനെതിരെയുള്ള ആക്ഷേപങ്ങള്ക്കും നിലവിലുള്ള പേര് ഒഴിവാക്കുന്നതിനും ഫോറം 7 ഉപയോഗിച്ച് അപേക്ഷിക്കാം. സ്ഥലം മാറ്റുന്നതിനും നിലവിലുള്ള വോട്ടര് പട്ടികയിലെ വിവരങ്ങളില് തിരുത്തലുകള് വരുത്തുന്നതിനും പുതിയ തിരിച്ചറിയല് കാര്ഡ് ലഭിക്കുന്നതിനും ഭിന്നശേഷിക്കാര് ആയി രേഖപ്പെടുത്തുന്നതിനും ഫോറം 8 ഉപയോഗിക്കാം.
അര്ഹരായ ഒരു വോട്ടറും വോട്ടര്പട്ടികയില് നിന്ന് പുറത്താകരുത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഊര്ജ്ജിതമായ പ്രചാരണ പരിപാടികള് തുടരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം അറിയിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്മാര്, 140 ഇലക്ടറല് രജിസ്ട്രേഷന് ഓഫീസര്മാര്, 140 അസിസ്റ്റന്റ് ഇലക്ടറല് രജിസ്ട്രേഷന് ഓഫീസര്മാര്, 3000 ബി.എല്.ഒ സൂപ്പര്വൈസര്മാര്, 30,471 ബൂത്ത് ലെവല് ഓഫീസര്മാര് എന്നിവര് സംസ്ഥാനത്ത് പ്രവര്ത്തിച്ചുവരുന്നു.


