Asianet News MalayalamAsianet News Malayalam

ഉന്നാവ്, ത്രിപുര വിഷയങ്ങൾ പാർലമെന്‍റിനകത്തും പുറത്തും ഉയർത്താൻ തയ്യാറെടുത്ത് കോൺഗ്രസ്

രാജ്യത്തെ നടുക്കിയ ഉന്നാവ്, ത്രിപുര വിഷയങ്ങള്‍ ഉയര്‍ത്തി പാർലമെൻറ് സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. സ്മൃതി ഇറാനിക്കെതിരെ സ്പീക്കർക്ക് പരാതി നൽകുവാനും സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. 

congress to raise unnao and tripura issues in and out of parliament
Author
Delhi, First Published Dec 8, 2019, 8:13 PM IST

ദില്ലി: ഉന്നാവ്, ത്രിപുര സംഭവങ്ങളിൽ സഭയ്ക്കകത്തും പുറത്തും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിക്കും. ടി എൻ പ്രതാപനും ഡീൻ കുര്യക്കോസും മാപ്പു പറയില്ലെന്നും തീരുമാനമായി. സ്മൃതി ഇറാനിക്കെതിരെ സ്പീക്കർക്ക് പരാതി നൽകുവാനും സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. 

രാജ്യത്തെ നടുക്കിയ ഉന്നാവ്, ത്രിപുര വിഷയങ്ങള്‍ ഉയര്‍ത്തി പാർലമെൻറ് സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഈ വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ തീരുമാനിക്കാനാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ യോഗം  വിളിച്ചുചേര്‍ത്തത്. 

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും പരാജയപ്പെടുന്നുവെന്നത് ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധത്തിന് കോപ്പുകൂട്ടുന്നത്. പാർലമെൻറ് നാളെ വൻപ്രതിഷേധത്തിന് സാക്ഷ്യം വഹിക്കും. ഉന്നാവ് സംഭവത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കാൻ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരുന്നു. ത്രിപുരയിലെ അക്രമത്തിലും നോട്ടീസ് നല്കും. 

കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇക്കാര്യത്തോട് പ്രതികരിച്ചത്. ഇതിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ സ്മൃതി ഇറാനിക്കുനേരെ അതിക്രമത്തിന് ശ്രമം എന്ന പേരില്‍ നടപടിയെടുക്കാനാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്. 

വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരായ ഡീന്‍ കുര്യാക്കോസ്, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുവരേയും സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയമാണ് അഡണ്ടയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അതിനാല്‍ വിഷയത്തില്‍ നിന്നും മാറാതെ മറ്റ് പ്രതിപക്ഷകക്ഷികളുടെ കൂടി പിന്തുണയോടെ പാര്‍ലമെന്‍റില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. 

അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നത് ബിജെപിയും സഭയില്‍ ചൂണ്ടിക്കാട്ടും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ ഉയര്‍ത്തിയാകും ഭരണപക്ഷം പ്രതിഷേധത്തെ ചെറുക്കുക. 

Follow Us:
Download App:
  • android
  • ios