രാജ്യത്തിന്റെ വളർച്ചയുടെ അംബാസഡർമാർ എന്നും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നുമാണ് സോണിയ ​ഗാന്ധി അതിഥി തൊഴിലാളികളെ വിശേഷിപ്പിച്ചത്. 


ദില്ലി: സ്വദേശത്തേക്ക് മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് പ്രതിസന്ധിയിലായ അതിഥി തൊഴിലാളികളില്‍ നിന്നും റെയില്‍വേ യാത്രാനിരക്ക് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നു എന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വളർച്ചയുടെ അംബാസഡർമാർ എന്നും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നുമാണ് സോണിയ ​ഗാന്ധി അതിഥി തൊഴിലാളികളെ വിശേഷിപ്പിച്ചത്.

100 കോടി മുടക്കി ട്രംപിനെ സ്വീകരിച്ച സർക്കാരിന് അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് വഹിക്കാൻ സാധിക്കില്ലേ എന്നായിരുന്നു കോൺ​ഗ്രസ് അധ്യക്ഷയുടെ ചോദ്യം. അതുപോലെ പിഎം കെയറിന് റെയിൽവേ 151 കോടിയാണ് സംഭാവന നൽകിയതെന്നും സോണിയ ​ഗാന്ധി പറഞ്ഞു.

ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ഭക്ഷണവും വെള്ളവും മരുന്നും പണവും ​ഗതാ​ഗത സൗകര്യങ്ങളും ഇല്ലാതെ കാൽനടയായി സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകാൻ‌ നിർബന്ധിതരായിരിക്കുകയാണ്. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രസർക്കാരും റെയിൽവേ മന്ത്രാലയവും ഇവരിൽ നിന്നും ട്രെയിൻ ടിക്കറ്റ് കൂലി ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നു. അതിഥി തൊഴിലാളികളെ പിന്തുണയ്ക്കണമെന്ന കോൺ​ഗ്രസിന്റെ നിരന്തരമായ ആവശ്യം കേന്ദ്ര സർക്കാർ അവ​ഗണിക്കുകയാണെന്നും സോണിയ ​ഗാന്ധി വിമർശിച്ചു. 

ഈ സാഹചര്യത്തിൽ‌ അതിഥി തൊഴിലാളികൾ ഉൾ​പ്പെടെ ആവശ്യക്കാരായ മുഴുവൻ തൊഴിലാളികളുടെയും നാട്ടിലേക്കുള്ള ട്രെയിൻ യാത്രാ ചെലവ്​ കോൺഗ്രസ്​ വഹിക്കുമെന്ന്​ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റികളാണ്​​ ഈ ചെലവ്​ വഹിക്കുകയെന്നും സോണിയ ​​ഗാന്ധി പറഞ്ഞു. 

എന്നാൽ കോൺ​ഗ്രസിന്റെ ഈ പ്രഖ്യാപനം വെറും 'ഷോ' ആണെന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം. സാമൂഹിക അകലം ഉറപ്പാക്കി പകുതി ആളുകളുമായിട്ടാണ് ട്രെയിനുകളിൽ യാത്ര സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ ചെലവ് കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. ഒപ്പം ഡോക്ടർമാരും സുരക്ഷാ ഉദ്യോ​ഗസ്ഥരുമുണ്ട്. മധ്യപ്രദേശ് പോലെയുള്ള ചില സംസ്ഥാനങ്ങൾ ടിക്കറ്റിന്റെ പതിനഞ്ച് ശതമാനം നൽകുന്നുണ്ട്. കഴിഞ്ഞ 40 ദിവസമായി അതിഥി തൊഴിലാളികളുടെ താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് വഹിച്ചിരുന്നത് സംസ്ഥാനങ്ങളാണ്.