മുഹമ്മദ് അസ്ഹറുദ്ദീനിൽ തുടങ്ങി പ്രമുഖർ നിരവധി; തെലങ്കാനയില്‍ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്
കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയി ഒരു വർഷത്തിനകം കോൺഗ്രസിൽ തിരികെയെത്തിയ കൊമ്മട്ടി റെഡ്ഢി രാജഗോപാൽ റെഡ്ഢി മുനുഗോഡെയിൽ നിന്നും മത്സരിക്കും.

ബെംഗളൂരു: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. മുൻ എംപിയും പ്രമുഖ ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസറുദ്ദീൻ ജൂബിലി ഹിൽസിൽ നിന്നും മുൻ എംപി മധു യസ്കി ഗൗഡ് എൽ ബി നഗറിൽ നിന്ന് ജനവിധി തേടും. കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയി ഒരു വർഷത്തിനകം കോൺഗ്രസിൽ തിരികെയെത്തിയ കൊമ്മട്ടി റെഡ്ഢി രാജഗോപാൽ റെഡ്ഢി മുനുഗോഡെയിൽ നിന്നും മത്സരിക്കും.
ഖൈരതാബാദിൽ പി വിജയ റെഡ്ഢി, വാനപർതിയിൽ ജി ചിന്ന റെഡ്ഢി, സെക്കാന്തരാബാദ് കന്റോൺമെന്റിൽ നിന്ന് വിപ്ലവ കവി ഗദ്ദറിന്റെ മകൾ ജി വി വെണ്ണിലായും മത്സരിക്കും. അതേസമയം, സിറ്റിംഗ് എംപിമാരെ ഇറക്കി കളംപിടിക്കാന്നാണ് ബിജെപിയുടെ നീക്കം. ആദ്യ ഘട്ട പട്ടിക പ്രകാരം മൂന്ന് എംപിമാര്‍ സ്ഥാനാര്‍ത്ഥികളാണ്. 52 പേരുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് ബിജെപി പുറത്തുവിട്ടത്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ബണ്ടി സഞ്ജയ് എംപി കരിംനഗറിലും അരവിന്ദ് ധർമ്മപുരി എംപി കൊരട്ടലെയിലും മത്സരിക്കും. മറ്റൊരു എംപിയായ സോയം ബാപ്പുറാവു ആദിലാബാദിൽ നിന്ന് ജനവിധി തേടും.
മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ഗജ്‍വേലിയില്‍ നേരിടാന്‍ ബിആർഎസിൽ നിന്നും കൂറുമാറിയെത്തിയ എംഎൽഎ ഈട്ടല രാജേന്ദറിനെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. ഈട്ടല രാജേന്ദര്‍ ഗജ്‍വേലിക്ക് പുറമേ ഹുസൂറബാദിലും മത്സരിക്കും. പ്രവാചകനിന്ദ നടത്തിയ എംഎൽഎ രാജാ സിംഗിനും സീറ്റ് നൽകി. നിലവിൽ പ്രതിനിധീകരിക്കുന്ന ഘോഷമഹലിൽ തന്നെ ഇദ്ദേഹം മത്സരിക്കും. രാജാ സിംഗിനെ പ്രവാചക നിന്ദയുടെ പേരിൽ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കും മുൻപ് സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി വാർത്താക്കുറിപ്പിറക്കി. 10 സ്ത്രീകള്‍ക്ക് ബിജെപി സീറ്റ് നൽകിയിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8