ദില്ലി: അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ പാർട്ടിയിൽത്തന്നെ അസംതൃപ്തി പുകയുന്നതിനിടെ വീണ്ടും പ്രവർത്തക സമിതി യോഗം വിളിച്ച് കോൺഗ്രസ്. ഓഗസ്റ്റ് 10-ന് എഐസിസി ആസ്ഥാനത്താണ് യോഗം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യോഗവിവരം അറിയിച്ചത്. 

നേതൃത്വമില്ലാത്തത് പാർട്ടിയിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ശശി തരൂർ എംപി പറഞ്ഞത് വലിയ വിവാദങ്ങളുയർത്തി വിട്ടിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പാർലമെന്‍റിൽ തുടർച്ചയായി എൻഡിഎയും ബിജെപിയും ബില്ലുകൾ പലതും പാസ്സാക്കുന്നു. കൃത്യമായ പ്രതിരോധം പോയിട്ട്, എന്താണ് പാർട്ടി സ്വീകരിക്കേണ്ട നയം എന്ന് പോലും കോൺഗ്രസിന് കൃത്യതയില്ല. അധ്യക്ഷസ്ഥാനത്തേക്ക് എങ്ങനെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ധാരണ പോലും പാർട്ടിയ്ക്ക് ഇല്ല. 

രാഹുൽ ഗാന്ധി അധ്യക്ഷപദവി ഒഴിഞ്ഞതിന് പിന്നാലെയാണ് കര്‍ണാടകയിൽ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഇതിന് പിന്നാലെ ഗോവയിലും കൂട്ടത്തോടെ കൊഴിഞ്ഞുപോക്കും പൊട്ടിത്തെറിയും. സ്വാഭാവികമായും നേതാക്കളുടെ ശ്രദ്ധ അവിടേക്കായി. ഒന്നിന് പിന്നാലെ ഒന്നെന്ന പോലെ പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ ലോക്സഭാ സമ്മേളനം കഴിഞ്ഞു മതി പ്രവര്‍ത്തക സമിതിയോഗം എന്ന ധാരണയിൽ കോൺഗ്രസ് നേതൃത്വം എത്തുകയായിരുന്നു. 

സംഘടനയെ ഒരു യുവാവ് നയിക്കാന്‍ സമയമായെന്നാണ് ശശി തരൂർ തുറന്നു പറഞ്ഞത്. എന്നാൽ തലപ്പത്തേക്ക് താനില്ലെന്നും തരൂർ പറഞ്ഞു. അധ്യക്ഷപദത്തിലേക്ക് പ്രിയങ്ക വരണമെന്നായിരുന്നു തരൂരിന്‍റെ അഭിപ്രായം. അധ്യക്ഷപദവിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ ഇപ്പോഴുള്ളത് അപ്പോയ്മെന്‍റ് കമ്മിറ്റിയാണെന്നും ഇത് പൊളിച്ചെഴുതണമെന്നും തരൂർ പറയുന്നു. ജനാധിപത്യ തെരഞ്ഞെടുപ്പിനായി സംഘടനയെ തുറന്നിടണമെന്നും തരൂർ അഭിപ്രായപ്പെടുന്നു. 

കോൺഗ്രസ് നാഥനില്ലാ കളരിയായെന്ന ശശി തരൂരിന്‍റെ പ്രസ്താവന എന്നാൽ കേരളത്തിലെ മുതിർന്ന നേതാക്കൾ തള്ളി. എന്നാൽ പാർട്ടിക്ക് ഉടൻ അധ്യക്ഷൻ വേണമെന്ന നിലപാടിനോട് നേതാക്കൾ യോജിക്കുന്നു. നാഥനില്ലാ കളരിയാണ് കോണ്‍ഗ്രസ് എന്ന തരൂരിന്‍റെ നിലപാട് ആദ്യം തള്ളിയത് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി  വേണുഗോപാലാണ്. അധ്യക്ഷ സ്ഥാനത്ത് ഇല്ലെങ്കിലും രാഹുല്‍ഗാന്ധി ചുമതലകള്‍ നിര്‍വ്വഹിക്കുന്നുണ്ടെന്നാണ്  കെ സി വേണുഗോപാല്‍ പറയുന്നത്. നാഥനില്ലാ കളരിയെന്ന നിലപാടിനോട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിയോജിച്ചു. തരൂർ അങ്ങനെ ഒരിക്കലും പറയാൻ പാടില്ലായിരുന്നുവെന്ന് പറ‍ഞ്ഞ മുല്ലപ്പള്ളി തരൂർ ചരിത്രം പഠിക്കണമെന്നായിരുന്നു പറഞ്ഞത്.