പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മറുപടി ലഭിച്ചിട്ടില്ല. ജനുവരി 14 ന് പ്രാർത്ഥനകൾ ആരംഭിക്കും. അതിനുശേഷം, ജനുവരി 24നുള്ളിൽ പ്രധാനമന്ത്രി തീരുമാനിക്കുന്ന ദിവസം പ്രതിഷ്ഠ നടത്തും.

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമ വിഗ്രഹത്തിന്‍റെ പ്രതിഷ്ഠ 2024 ജനുവരി 14നും 24നും ഇടയിൽ നടക്കുമെന്ന് ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. ജനുവരി 14നും 24നും ഇടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കുന്ന ദിവസമായിരിക്കും പ്രതിഷ്ഠ നടക്കുക. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നൃപേന്ദ്ര മിശ്ര ഇക്കാര്യം പറഞ്ഞത്.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മറുപടി ലഭിച്ചിട്ടില്ല. ജനുവരി 14 ന് പ്രാർത്ഥനകൾ ആരംഭിക്കും. അതിനുശേഷം, ജനുവരി 24നുള്ളിൽ പ്രധാനമന്ത്രി തീരുമാനിക്കുന്ന ദിവസം പ്രതിഷ്ഠ നടത്തും. അന്നേ ദിവസം ഇവിടെ ശ്രീരാമ വിഗ്രഹം സ്ഥാപിക്കും. അടുത്ത ദിവസം മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താമെന്നാണ് നൃപേന്ദ്ര മിശ്ര പറയുന്നത്. നിലവില്‍ ക്ഷേത്രത്തിലുള്ള പ്രതിഷ്ഠ ക്ഷേത്രത്തിന് മുന്നിലെ വലിയ പ്രതിമയ്ക്ക് മുന്നില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏകദേശം ഒരു വർഷം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് അയോധ്യയിൽ രാമക്ഷേത്രം നിര്‍മിക്കുന്ന സ്ഥലം സന്ദർശിച്ചിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിലെ പുരോഗതിയും നൃപേന്ദ്ര മിശ്ര ഏഷ്യാനെറ്റ് ന്യൂസിന് വിശദീകരിച്ചു കാണിച്ചു. ദില്ലിയിലെ പ്രധാനമന്ത്രി മ്യൂസിയത്തിന്‍റെ നിർമാണ ചുമതല വഹിച്ചതും നൃപേന്ദ്ര മിശ്രയായിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിന്‍റെ ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതല നൽകിയ ദിവസം മുതൽ എല്ലാ ആഴ്ചയും അയോധ്യയിലേക്ക് യാത്ര ചെയ്യുന്ന വ്യക്തിയാണ് നൃപേന്ദ്ര മിശ്ര.