Asianet News MalayalamAsianet News Malayalam

കൈവെട്ട് കേസ് മുതൽ അഭിമന്യു കൊലപാതകം വരെ; പിഎഫ്ഐ ഉള്‍പ്പെട്ട വിവാദങ്ങള്‍, ഉത്തരവില്‍ പറയുന്ന കേസുകള്‍

കേരളം ഒന്നടങ്കം ഞെട്ടിയ, മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലും പിഎഫ്ഐ പ്രവർത്തകരാണെന്നതും നിരോധനത്തിനുള്ള കാരണമായി ഉത്തരവിൽ പറയുന്നു.

conspiracies and crimes  that mentioned in central government order against pfi
Author
First Published Sep 28, 2022, 11:03 AM IST

ദില്ലി: കാരണങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതായി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇതിൽ കേരളത്തിൽ പിഎഫ്ഐ ഉൾപ്പെട്ട കുറ്റകൃത്യങ്ങളും കാരണങ്ങളായി ഊന്നിപ്പറയുന്നുണ്ട്. സംഘടനക്കെതിരെ ഉയര്‍ന്നിട്ടുള്ള വിവാദങ്ങളിൽ പലതും ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവിലും സൂചിപ്പിക്കുന്നു. 2010ൽ ചോദ്യപ്പേപ്പർ വിവാദത്തിന് പിന്നാലെ കോളേജ് അധ്യാപകനായ ടി ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവവും എടുത്ത് പറയുന്നു. ടി ജെ ജോസഫിന്റെ പേര് പരാമർശിക്കാതെയെങ്കിലും കൈവെട്ടിയ കേസും പിഎഫ്ഐ നിരോധനത്തിന്‍റെ കാരണമായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 

കേരളം ഒന്നടങ്കം ഞെട്ടിയ, മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലും പിഎഫ്ഐ പ്രവർത്തകരാണെന്നതും നിരോധനത്തിനുള്ള കാരണമായി ഉത്തരവിൽ പറയുന്നു. 2021ൽ നടന്ന, ആർഎസ്എസ് പ്രവർത്തകരായ നന്ദുവിന്റെയും സഞ്ജിത്തിന്റെയും കൊലപാതകങ്ങൾ, 2017ൽ നടന്ന ബിബിന്റെ കൊലപാതകം എന്നിവയിലെ പിഎഫ്ഐയുടെ പങ്കും ഉത്തരവ് പറയുന്നു. 

മറ്റ് വിശ്വാസ സംഘടനകളുമായി ബന്ധപ്പെട്ട ആളുകളുടെ കൊലപാതകങ്ങളും പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും പൊതുമുതലുകളെയും ലക്ഷ്യം വച്ച് സ്ഫോടക വസ്തുക്കൾ ശേഖരിക്കുക തുടങ്ങിയ കാര്യങ്ങളും പിഎഫ്ഐയെ നിരോധിക്കാനുള്ള മതിയായ കാരണമാണെന്നാണ് കേന്ദ്ര സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നത്. നിരവധി തീവ്രവാദ പ്രവർത്തനങ്ങളിലും കൊലപാതകങ്ങളിലും പിഎഫ്ഐ പ്രവർത്തകരുടെ പങ്ക് കണ്ടെത്തിയിരുന്നു. തമിഴ്നാട്, കർണാടക ജില്ലകളിൽ നടന്ന കൊലപാതകങ്ങളും അക്കമിട്ട് നിരത്തിയാണ് ഉത്തരവ്. 

രാജ്യത്തിൻറെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ആഘാതം സൃഷ്ടിക്കുന്നതും രാജ്യത്തിൻറെ സുരക്ഷയെയും സാമുദായിക സൗഹാർദത്തെയും ബാധിക്കുന്ന പ്രവർത്തനങ്ങളിൽ പിഎഫ്ഐ ഏർപ്പെട്ടുവെന്നത് അടക്കമുള്ള കാരണങ്ങളും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണ്. കൂടാതെ പിഎഫ്ഐക്ക് ജമാത്ത് - ഉൽ - മുജാഹിദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ട്. ഇവ രണ്ടും നിരോധിത സംഘടനകളാണ്.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയ ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി പിഎഫ്ഐയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നുണ്ട്. രാജ്യത്ത് അരക്ഷിതാവസ്ഥ വളർത്താൻ പിഎഫ്ഐയും അനുബന്ധ സംഘടനകളും രഹസ്യമായി പ്രവർത്തനം നടത്തി. ചില പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളിൽ ചേർന്നുവെന്ന വസ്തുത ഇത് തെളിയിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു.

അതേസമയം 2012 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേരള സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്, 'പിഎഫ്ഐ സിമിയുടെ മറ്റൊരു പതിപ്പാണ്' എന്നാണ്. പിഎഫ്ഐ പ്രവർത്തകർ 27 കൊലപാതകക്കേസുകളിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതലും സിപിഎം, ആർഎസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. ഈ കൊലപാതകങ്ങളെല്ലാം വര്‍ഗീയ ലക്ഷ്യത്തോടെയായിരുന്നുവെന്നും സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. 

മതപരിവർത്തനം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ ഇസ്ലാമികവൽക്കരിക്കുകയാണ് പിഎഫ്ഐയുടെ അജണ്ടയെന്ന് രണ്ട് വർഷത്തിന് ശേഷം 2014ൽ, മറ്റൊരു സത്യവാങ്മൂലത്തിൽ കേരളസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പുറമെ ഇസ്‌ലാമിന്റെ ശത്രുക്കളായ വ്യക്തികളെ തിരഞ്ഞെടുത്ത് ഉന്മൂലനം ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി മുസ്‌ലിം യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സംഘടനയ്ക്കെതിരെ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. 

പിഎഫ്ഐ മുഖപത്രമായ തേജസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. 2013 മുതൽ സർക്കാർ പരസ്യങ്ങൾ പത്രത്തിന് നൽകുന്നില്ലെന്ന് കാണിച്ചാണ് തേജസ് ഹർജി നൽകിയത്. സംസ്ഥാനത്തെ 27 വർഗീയ കൊലപാതകങ്ങളിലും 86 കൊലപാതകശ്രമക്കേസുകളിലും 106 വർഗീയ സ്വഭാവമുള്ള കേസുകളിലും പിഎഫ്ഐയിൽ ലയിച്ച എൻഡിഎഫിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു സർക്കാർ.

Read More : എന്താണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ? ചരിത്രം ഇങ്ങനെ!

Follow Us:
Download App:
  • android
  • ios