മരണത്തിന് മുമ്പ് പങ്കുവെച്ച വീഡിയോയിൽ യുവതി ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

ലഖ്‌നൗ: പൊലീസ് കോൺസ്റ്റബിളിന്‍റെ ഭാര്യ ഗാർഹിക പീഡനം കാരണം ജീവനൊടുക്കിയതായി പരാതി. മരണത്തിന് തൊട്ടുമുൻപ് യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിൽ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് യുവതി വിവരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം.

തന്‍റെ ഭർതൃവീട്ടുകാരും ഭർത്താവ് അനുരാഗ് സിങും തന്നെ ഒഴിവാക്കാൻ തീരുമാനിച്ചതായി സൗമ്യ കശ്യപ് വീഡിയോയിൽ പറയുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനാണ് ഇതെന്നും യുവതി പറഞ്ഞു- "ഭർത്താവിന്‍റെ അമ്മാവൻ വക്കീലാണ്. എന്നെ കൊലപ്പെടുത്താൻ അമ്മാവൻ ആവശ്യപ്പെട്ടു. കേസിൽ പെടാതെ ഭർത്താവിനെ രക്ഷിക്കാമെന്നും അമ്മാവൻ പറഞ്ഞു." കൊല്ലുമെന്ന് ഭർത്താവിന്‍റെ സഹോദരൻ ഭീഷണിപ്പെടുത്തിയെന്നും കരഞ്ഞുകൊണ്ട് സൗമ്യ പറഞ്ഞു.

കോൺസ്റ്റബിളിന്റെ ഭാര്യ തൂങ്ങിമരിച്ചതായി നോർത്ത് ലഖ്‌നൗ പോലീസ് ഓഫീസർ ജിതേന്ദ്ര ദുബെ സ്ഥിരീകരിച്ചു. ബികെടി സ്റ്റേഷനിലാണ് കോണ്‍സ്റ്റബിൾ ജോലി ചെയ്യുന്നത്. ഇൻസ്‌പെക്ടറും മുതിർന്ന ഉദ്യോഗസ്ഥരും സംഭവ സ്ഥലം പരിശോധിക്കുകയും യുവതിയുടെ കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. മെയിൻപുരിയിലാണ് യുവതിയുടെ കുടുംബം കഴിയുന്നത്. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.