വധഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് കമ്മീഷന് മുന്നിൽ ഹാജരാകാതിരുന്നത് എന്നാണ് വിശദീകരണം. മാർച്ച് 6 ന് ഹാജരാകാൻ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
ദില്ലി: സ്റ്റാന്റപ് കോമഡിയിലെ വിവാദ പരാമർശത്തിൽ ദേശീയ വനിത കമ്മീഷന് മുന്നിൽ ഹാജരാകാതെ റൺവീർ അലഹബാദിയ. വധഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് കമ്മീഷന് മുന്നിൽ ഹാജരാകാതിരുന്നത് എന്നാണ് വിശദീകരണം. മാർച്ച് 6 ന് ഹാജരാകാൻ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അപൂർവ്വ മഖിജ, സമയ് റയിന, ജസ്പ്രീത് സിംഗ് അടക്കം 7 പേർ ഇന്ന് കമ്മീഷന് മുന്നിൽ ഹാജരായില്ല. ഇവർക്കും അടുത്ത മാസം കമ്മീഷന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശത്തിൽ കേന്ദ്രം കടുത്ത നടപടിയുമായി രംഗത്തെത്തിയിരുന്നു. വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയൂടെ വിവാദ എപ്പിസോഡ് സർക്കാർ നിർദ്ദേശത്തെ തുടർന്ന് യുട്യൂബ് നീക്കം ചെയ്തിരുന്നു.
പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ച് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ലൈംഗിക പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ രണ്‍വീര്‍ അല്ലാബാദിയ, സോഷ്യല്‍ മീഡിയ താരം അപൂര്‍വ മഖിജ തുടങ്ങിയ വിധികർത്താക്കൾക്കെതിരെ അസം പൊലീസ് കേസ് എടുത്തു. മുംബൈ പൊലീസും ഇവർക്കെതിരെ നടപടി തുടങ്ങിയിരുന്നു.
പരാമർശത്തിനെതിരെ രാഷ്ട്രീയ നേതാക്കളടക്കം പ്രതികരിച്ചു. തുടർന്ന് തമാശമായി താൻ പറഞ്ഞതാണെന്നും മാപ്പ് നൽകണമെന്നും രണ്‍വീര്‍ അല്ലാബാദിയ പ്രതികരിച്ചു. നിയമ നടപടികൾ പരാമർശത്തിനെതിരെ തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇടപെട്ടത്. 2008-ലെ ഐടി ആക്ട് പ്രകാരമാണ് എപ്പിസോഡ് നീക്കം ചെയ്തത്. ടെലികോം സേവന ദാതാക്കള്‍ക്കും യൂട്യൂബിനും വീഡിയോ നീക്കിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം 17ന് ഹാജരാകാൻ ദേശീയ വനിത കമ്മീഷൻ റണ്‍വീറിന് നോട്ടീസയച്ചിരുന്നു. ബിയര്‍ബൈസപ്‌സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍. ഇന്‍സ്റ്റാഗ്രാമില്‍ 45 ലക്ഷം ഫോളോവേഴ്സും 1.05 കോടി യൂട്യൂബ് സബ്സ്‌ക്രൈബര്‍മാരുമുണ്ട് അലാബാദിയക്ക്.

