മുസ്ലീം യാത്രക്കാർക്ക് പ്രാർത്ഥിക്കാൻ സൗകര്യമൊരുക്കിയെന്ന് ആരോപണം; സസ്പെൻഷനിലായ കണ്ടക്ടറുടെ ആത്മഹത്യയിൽ ചർച്ച
ജോലി നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് മെയിൻപുരി സ്വദേശി മോഹിത് ജീവനൊടുക്കിയതെന്ന് ഭാര്യ പരാതിപ്പെട്ടു. സംഭവം അപമാനകരമാണെന്ന് അഖിലേഷ് യാദവ് വിമർശിച്ചു.

ദില്ലി: ഉത്തർപ്രദേശിൽ മുസ്ലീം യാത്രക്കാർക്ക് പ്രാർത്ഥനയ്ക്ക് സൗകര്യമൊരുക്കിയെന്നാരോപിച്ച് സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ട ബസ് കണ്ടക്ടറുടെ ആത്മഹത്യ സജീവ ചർച്ചയാകുന്നു. ജോലി നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് മെയിൻപുരി സ്വദേശി മോഹിത് ജീവനൊടുക്കിയതെന്ന് ഭാര്യ പരാതിപ്പെട്ടു. സംഭവം അപമാനകരമാണെന്ന് അഖിലേഷ് യാദവ് വിമർശിച്ചു.
ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ താൽകാലിക കണ്ടക്ടർ ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട മോഹിത്തിന്റെയും ഭാര്യ റിങ്കിയുടെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയാവുകയാണ്. ജൂൺ മൂന്നിന് ബറേലിയിൽ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഉത്തർപ്രദേശ് ട്രാൻസ്പോർട്ട് ബസിലെ കണ്ടക്ടറായിരുന്നു മോഹിത് യാദവ്. ബറേലി ദില്ലി ദേശീയപാതയിൽ യാത്രക്കിടെ ബസിലെ 2 യാത്രക്കാർ ആവശ്യപ്പെട്ടതനുസരിച്ച് രണ്ട് മിനിറ്റ് വഴിയിൽ നിർത്തി. ഇരുവരും റോഡരികിൽ നമസ്കാരം നടത്തി. എന്നാൽ ഇതിനെതിരെ മറ്റ് യാത്രക്കാർ പരാതിപ്പെട്ടു, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ചിലർ വ്യാപകമായി പ്രചരിപ്പിച്ചു. പിന്നാലെ അധികൃതർ മോഹിത്തിന്റെയും ഡ്രൈവർ കെ പി സിങ്ങിന്റെയും കരാർ റദ്ദാക്കി ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പ്രാർത്ഥിക്കാൻ വേണ്ടിയല്ല, ബസിലുണ്ടായിരുന്നവർക്ക് മൂത്രമൊഴിക്കാന് കൂടി വേണ്ടിയാണ് താൻ ബസ് നിർത്തിയതെന്ന് മോഹിത്ത് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മൂന്ന് മാസത്തിനിപ്പുറം തിങ്കളാഴ്ച തീവണ്ടി ട്രാക്കിൽ മോഹിത്തിന്റെ മൃതദേഹം കണ്ടെത്തി. മോഹിത്തിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് പിരിച്ചുവിട്ടതെന്നും കുടുംബം പരാതിപ്പെടുന്നു. മെയിൻപുരി സ്വദേശിയായ മോഹിത്ത് ഭാര്യക്കും നാല് വയസുള്ള മകനുമൊപ്പമാണ് താമസിച്ചിരുന്നത്. മോഹിത്തിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായധനവും കുടുംബത്തലൊരാൾക്ക് സർക്കാർ ജോലിയും നല്‍കണമെന്ന് സമാജ്വാദി പാർട്ടി ആവശ്യപ്പെട്ടു. സൗഹാർദത്തിന് പേരുകേട്ട സംസ്ഥാനത്ത് ഇപ്പോൾ നന്മയ്ക്ക് സ്ഥാനമില്ലെന്നും അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് റെയിൽവേ പൊലീസും യുപി പൊലീസും പ്രതികരിച്ചു.