Asianet News MalayalamAsianet News Malayalam

പൗരത്വ പ്രക്ഷോഭത്തിനെതിരെ കരസേനാ മേധാവിയുടെ 'രാഷ്ട്രീയ പരാമർശം': ആഞ്ഞടിച്ച് പ്രതിപക്ഷം

'ഇന്ത്യ പാകിസ്ഥാനോ ബംഗ്ലാദേശോ അല്ല. ഒരു ജനാധിപത്യ രാജ്യമാണ്. കരസേനാമേധാവി രാഷ്ട്രീയം സംസാരിക്കുന്ന പതിവ് ഇന്ത്യയിലില്ല', എന്ന് രാഷ്ട്രീയനിരീക്ഷകനും സ്വരാജ് അഭിയാൻ നേതാവുമായ യോഗേന്ദ്ര യാദവ്.

controversy over army chiefs political view on citizenship law protest
Author
New Delhi, First Published Dec 26, 2019, 4:19 PM IST

ദില്ലി: പൗരത്വ പ്രക്ഷോഭത്തെക്കുറിച്ചുള്ള കരസേനാമേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ 'രാഷ്ട്രീയ പരാമർശ'ത്തിനെതിരെ പ്രതിഷേധവും വിമർശനവും ശക്തം. രാഷ്ട്രീയചായ്‍വില്ലാതെ നിഷ്പക്ഷമായി കൊണ്ടുപോകേണ്ട പദവിയിലിരുന്ന് ഒരു രാഷ്ട്രീയ നിലപാടിനെ കരസേനാമേധാവി പിന്തുണച്ചതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികളടക്കം രംഗത്തുവന്നു. ''സായുധ കലാപം അഴിച്ചു വിടുന്ന ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ല'', എന്നായിരുന്നു പൗരത്വ പ്രക്ഷോഭത്തെക്കുറിച്ച് ബിപിൻ റാവത്തിന്‍റെ പ്രതികരണം. 

ഡിസംബർ 31-ന് കരസേനാ മേധാവി പദവിയിൽ നിന്ന് വിരമിക്കാനിരിക്കുകയാണ് ജനറൽ ബിപിൻ റാവത്ത്. പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങൾ രാജ്യത്ത് കൊടുമ്പിരിക്കൊള്ളുമ്പോൾ ആദ്യമായാണ് കരസേനാമേധാവി രാഷ്ട്രീയപരാമർശം നടത്തുന്നത്. ദില്ലിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിലാണ് കരസേനാമേധാവിയുടെ പരാമർശം. 

''ജനത്തെ നയിക്കുന്നവരാണ് നേതാക്കൾ. നിങ്ങൾ മുന്നോട്ടു നടക്കുമ്പോൾ, നിങ്ങളെ പിന്തുടരുന്നവരും ഒപ്പം വരും. അതത്ര ലളിതമല്ല, വളരെ സങ്കീർണമായ കാര്യമാണ്'', എന്ന് കരസേനാമേധാവി.

''ജനക്കൂട്ടത്തിനിടയിലും നേതാക്കളുണ്ടാകും. പക്ഷേ ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ. ജനങ്ങളെ അക്രമത്തിലേക്കും, മറ്റും തള്ളി വിടുന്നവരല്ല. രാജ്യത്തെ സർവകലാശാലകളിലും വിദ്യാർത്ഥികൾക്കിടയിലും നടക്കുന്ന പ്രതിഷേധങ്ങൾ നമ്മൾ കാണുന്നുണ്ട്. അവർ ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് നമ്മൾ കാണുന്നത്. ഇതല്ല നേതൃത്വം'', എന്ന് കരസേനാ മേധാവി പറഞ്ഞു. 

രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് പൗരത്വബില്ലിനെതിരെ ഇത് പാസ്സാക്കും മുമ്പ് തന്നെ പ്രക്ഷോഭം തുടങ്ങിയത്. പിന്നാലെ സർവകലാശാലാ ക്യാമ്പസുകളിലേക്ക് ഇത് പടർന്നു. ജാമിയാ മിലിയ സർവകലാശാലയിലെ പൊലീസ് നടപടിയോടെ പ്രതിഷേധം ശക്തമായി. ഉത്തർപ്രദേശിൽ 21 പേരും, അസമിൽ മൂന്ന് പേരും, കർണാടകത്തിലെ മംഗളുരുവിൽ രണ്ട് പേരും കൊല്ലപ്പെട്ട പൗരത്വ പ്രക്ഷോഭങ്ങളിൽ പൊലീസ് ജനക്കൂട്ടത്തെ വെടിവച്ചെന്നും, ജനക്കൂട്ടത്തിൽ ചിലർ പൊലീസിന് നേരെ തോക്ക് ചൂണ്ടിയെന്നും പരസ്പര വിമർശനം ഉയരുകയും ഇത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് കരസേനാമേധാവിയുടെ പരാമർശം വരുന്നത്. 

പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച വിമർശനമവുമായി രംഗത്തെത്തിയിരുന്നു. അവകാശങ്ങൾക്കൊപ്പം കടമകളുമുണ്ട് ജനങ്ങൾക്ക്, അത് മറക്കരുത് - എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ''അക്രമം അഴിച്ചുവിട്ടവർ തിരികെ വീട്ടിലെത്തി എന്താണ് ചെയ്തതെന്ന് ആലോചിച്ചു നോക്കണം. അവർ ചെയ്തത് ശരിയോ തെറ്റോ എന്ന്. അവർ അടുത്ത തലമുറയ്ക്ക് കൂടി ഉപകാരപ്പെടേണ്ട ബസ്സുകളും മറ്റ് പൊതുമുതലുമാണ് കത്തിച്ചും തകർത്തും കളഞ്ഞത്'', എന്ന് നരേന്ദ്രമോദി. 

എന്നാൽ പ്രക്ഷോഭത്തിൽ രാജ്യം കത്തവെ, കരസേനാമേധാവിയുടെ പദവി പോലുള്ള നിർണായക ചുമതല വഹിക്കുന്നയാളിൽ നിന്നുണ്ടായ രാഷ്ട്രീയപരാമർശം തീർത്തും തെറ്റെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയപാർട്ടികൾ വിമർശിക്കുന്നു.

കരസേനാമേധാവി തന്നെ പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള സമരത്തിൽ സംസാരിക്കുന്നത് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണ്. ഇന്ന് രാഷ്ട്രീയം സംസാരിക്കാൻ കരസേനാമേധാവിയെ അനുവദിച്ചാൽ നാളെ എന്തുണ്ടാകുമെന്ന് ആർക്കറിയാം - എന്ന് കോൺഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ.

''അവനവൻ വഹിക്കുന്ന ചുമതലകളുടെ പരിമിതി അറിയുന്നതാണ് യഥാർത്ഥ നേതൃത്വം. അത് ജനാധിപത്യത്തിൽ മുന്നിലുള്ളത് ജനങ്ങളാണ് എന്ന് തിരിച്ചറിയലാണ്. താൻ വഹിക്കുന്ന പദവിയ്ക്ക് യോജിച്ചതെന്തെന്ന് തിരിച്ചറിയലാണ്'', എന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. 

'ഇന്ത്യ പാകിസ്ഥാനോ ബംഗ്ലാദേശോ അല്ല. ഒരു ജനാധിപത്യ രാജ്യമാണ്. കരസേനാമേധാവി രാഷ്ട്രീയം സംസാരിക്കുന്ന പതിവ് ഇന്ത്യയിലില്ല', എന്നാണ് രാഷ്ട്രീയനിരീക്ഷകനും സ്വരാജ് അഭിയാൻ നേതാവുമായ യോഗേന്ദ്ര യാദവ് പ്രതികരിച്ചത്. 

ഡിസംബർ 31-ന് കരസേനാമേധാവി പദവിയിൽ നിന്ന് ജനറൽ ബിപിൻ റാവത്ത് വിരമിച്ചാൽ പകരം ആ പദവിയിലേക്ക് എത്തുക ലഫ്റ്റനന്‍റ് ജനറൽ മനോജ് മുകുന്ദ് നരവാനെയാണ്. 

Follow Us:
Download App:
  • android
  • ios