Asianet News MalayalamAsianet News Malayalam

യുപിയിലെ ഉച്ചഭക്ഷണ വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകനെ പിന്തുണച്ച് പാചകക്കാരിയും ഗ്രാണീണരും

മിര്‍സാപുരിലെ സിയുരി വില്ലേജിലെ പ്രൈമറി സ്കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും നല്‍കിയത്.

cook, villagers support journalist on mid day meal controversy
Author
New Delhi, First Published Sep 5, 2019, 10:58 PM IST

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി ഉപ്പും റൊട്ടിയും നല്‍കിയെന്ന വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകന് പിന്തുണയുമായി സ്കൂളിലെ പാചക തൊഴിലാളിയും ഗ്രാമീണരും രംഗത്ത്. രുക്മിണീ ദേവിയെന്ന തൊഴിലാളിയാണ് മാധ്യമപ്രവര്‍ത്തകന്‍ പവന്‍ കുമാര്‍ ജയ്സ്വാളിന് പിന്തുണയുമായെത്തിയത്. മാധ്യമപ്രവര്‍ത്തകന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അദ്ദേഹത്തെ കുടുക്കുകയായിരുന്നു. പ്രധാനാധ്യാപകന്‍ മുരളീലാലിന്‍റെ നേതൃത്വത്തിലാണ് മാധ്യമ പ്രവര്‍ത്തകനെ കുടുക്കിയത്.

കുട്ടികള്‍ക്ക് നല്ലതുവരാന്‍ വേണ്ടിയാണ് അദ്ദേഹം റൊട്ടിയും ഉപ്പും വിളമ്പുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്നും അവര്‍ പറഞ്ഞു. ഗ്രാമീണരും മാധ്യമപ്രവര്‍ത്തകനെ അനുകൂലിച്ച് രംഗത്തെത്തി. പല ദിവസങ്ങളിലും റൊട്ടിയുടെ പകുതി മാത്രമേ കുട്ടികള്‍ക്ക് നല്‍കാറുള്ളൂ. കുട്ടികള്‍ക്കായി കൊണ്ടുവരുന്ന പാലും പച്ചക്കറികളും ധാന്യങ്ങളും പ്രധാനാധ്യാപകന്‍ തട്ടിയെടുക്കുന്നതായും ഗ്രാമീണര്‍ ആരോപിച്ചു.

കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്‍കേണ്ട ഭക്ഷണത്തിന്‍റെ മുഴുവന്‍ ക്വാട്ടയും സ്കൂളില്‍ ലഭിക്കാറുണ്ട്. എന്നാല്‍ വിതരണം ചെയ്യാറില്ല. പലപ്പോഴും പാലില്‍ വെള്ളം ചേര്‍ത്താണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നതെന്നും രുക്മിണീ ദേവി പറഞ്ഞു. ഒരാഴ്ചക്ക് രണ്ടരക്കിലോ ഉരുളക്കിഴങ്ങും 250 ഗ്രാം എണ്ണയുമാണ് നല്‍കിയിരുന്നത്. ഒരുമാസത്തില്‍ രണ്ട് തവണയെങ്കിലും കുട്ടികള്‍ക്ക് വെറും ഉപ്പ് കൂട്ടിയാണ് റൊട്ടിയോ ചോറോ നല്‍കിയിരുന്നതെന്നും രുക്മിണീ ദേവി പറഞ്ഞു.

മിര്‍സാപുരിലെ സിയുരി വില്ലേജിലെ പ്രൈമറി സ്കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും നല്‍കിയത്. സംഭവം വാര്‍ത്തയായതോടെ മാധ്യമപ്രവര്‍ത്തകനെതിരെ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios