ലഖ്നൗ: വഴിയോര കച്ചവടക്കാരന്റെ ഉന്തുവണ്ടി മറിച്ചിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഉത്തർപ്രദേശിലെ ശിവ്പൂര്‍ മേഖലയിലാണ് സംഭവം. ചോളം വിൽപ്പനക്കാരന്റെ ഉന്തുവണ്ടിയാണ് സബ് ഇന്‍സ്‌പെക്ടര്‍ വരുണ്‍ കുമാര്‍ ശശി മറിച്ചിട്ടത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇയാൾക്കെതിരെ അധികാരികൾ നടപടി എടുക്കുകയായിരുന്നു. 

ചോളം ഓരോന്നായി വലിച്ചെറിഞ്ഞ ശേഷം ഉന്തുവണ്ടി ഒന്നാകെ മറിച്ചിടുന്ന സബ് ഇന്‍സ്‌പെക്ടറുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. 30 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വരുണ്‍ കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. തുടര്‍ന്ന് ഇയാൽ മാപ്പുപറയുകയും ചോളവില്‍പ്പനക്കാരന് നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാരനെതിരെ നടപടി എടുത്തത്.

റോഡില്‍ ട്രാഫിക്കിനെ ബാധിക്കാത്തവിധമാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും പ്രകോപനപരമായ നടപടിയാണ് പൊലീസ് ഇന്‍സ്‌പെക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.