കാന്‍പൂര്‍: കമിതാക്കളുടെ പ്രണയസാഫല്യത്തിന് വേദിയായി പൊലീസ് സ്റ്റേഷന്‍, സാക്ഷികളായി പൊലീസുകാരും. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് കമിതാക്കളുടെ വിവാഹം പൊലീസുകാര്‍ മുന്‍കൈ എടുത്ത് നടത്തിയത്. ഞായറാഴ്ചയാണ് സംഭവം. 

അയല്‍വാസികളായ രാഹുലും നൈനയും രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരുടെയും വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല. പല തവണ ഇരുവരും വിവാഹക്കാര്യം വീട്ടില്‍ പറഞ്ഞെങ്കിലും ഇവരുടെ ബന്ധം അംഗീകരിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാഹുലും നൈനയും കോടതിയെ സമീപിച്ചു. തുടര്‍ന്നും ഇവര്‍ സ്വന്തം വീടുകളില്‍ കഴിഞ്ഞു വരികയായിരുന്നു. 

Read More: ഇത് പതാകയല്ല, അതുക്കുംമേല; സാഹസികനായ യുവാവിന്‍റെ വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

എന്നാല്‍ ഒരാഴ്ച മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരു യുവാവുമായി നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതോടെ ഇവര്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഇരുവരെയും കണ്ടെത്തി. പൊലീസ് സ്റ്റേഷനില്‍ വെച്ച് രാഹുലും നൈനയും തങ്ങളുടെ പ്രണയകഥ പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരുടെ കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി കാര്യങ്ങള്‍ സംസാരിച്ചു. ഒടുവില്‍ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചതോടെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ പൊലീസ് തന്നെ ചെയ്യുകയായിരുന്നു.