മുംബൈ: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മുൻ നിരയിൽ നിന്ന് പോരാടുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥർ. ഉറ്റവരെ ഉപേക്ഷിച്ച് മറ്റുള്ളവരുടെ ജീവനായി പടപൊരുതുകയാണ് അവർ. കൊവിഡ് രോ​ഗികളെ സഹായിക്കുന്നതിനും വീടുകളിൽ സാധനങ്ങൾ എത്തിക്കുന്നതിനുമെല്ലാം പൊലീസുകാർ മുന്നിൽ തന്നെയുണ്ട്. അത്തരത്തിൽ ഏഴ് വസയുകാരന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താനെയിലെ ഒരു കൂട്ടം ഉദ്യോ​ഗസ്ഥർ.

കുട്ടിയുടെ അച്ഛന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു പിറന്നാൾ ആഘോഷമാക്കാൻ പൊലീസ് എത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് ദിനേഷ് ​ഗുപ്ത എന്നയാൾ താനെ പൊലീസിന്റെ ട്വിറ്ററിൽ മകന്റെ പിറന്നാൾ ആഘോഷിക്കണമെന്ന് പൊലീസുകാരോട് അഭ്യർത്ഥിച്ചത്. താനും ഭാര്യയും കൊവിഡ് ബാധിച്ച് ആശുപത്രിയിലാണെന്നും അതിനാൽ വീട്ടിൽ പോയി മകനെ പിറന്നാൾ ആശംസ അറിയിക്കണമെന്നുമായിരുന്നു ദിനേഷിന്റെ ട്വീറ്റ്.

ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട ഉദ്യോ​ഗസ്ഥർ പിറ്റേദിവസം തന്നെ ദിനേഷിന്റെ വീട്ടിൽ പിറന്നാൾ കേക്കുമായി എത്തി. ഖാർഡിപാഡയിലെ വീട്ടിൽ കേക്കും സമ്മാനങ്ങളുമായി 10 പേരടങ്ങുന്ന പൊലീസ് സംഘം എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. പൊലീസുകാരെ കണ്ട് പിറന്നാളുകാരൻ ആദ്യമൊന്ന് അമ്പരന്നുവെങ്കിലും കളിപ്പാട്ടങ്ങൾ കണ്ടപ്പോൾ അവർക്കൊപ്പം കൂടി. 

ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾ താനെ സിറ്റി പൊലീസിന്റെ ട്വിറ്റർ പേജിൽ പങ്കുവച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പൊലീസുകാരെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്.