മുംബൈ: ലോക്ക്ഡൗൺ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ തന്നെയുണ്ട് രാജ്യത്തെ പൊലീസ് സേന. ആളുകളെ ബോധവത്ക്കരിക്കാനും അവശ്യവസ്തുക്കൾ എത്തിച്ചു നൽകാനും ആശുപത്രിയിൽ രോ​ഗികളെ എത്തിക്കാനും പൊലീസുകാർ സന്നദ്ധരാണ്. ഇത്തരത്തിൽ കാലിന് പരിക്കേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ എത്തിച്ച് മാതൃകയാവുകയാണ് മധ്യപ്രദേശ് പൊലീസ്.

മധ്യപ്രദേശിലെ ഹോഷംഗാബാദ് ജില്ലയിലാണ് സംഭവം നടന്നത്. കാലുകളിൽ ഒന്നിന് ഒടിവ് പറ്റിയ മധ്യവയസ്കനെയാണ് പൊലീസുകാർ സഹായിച്ചത്. കഴിഞ്ഞ ദിവസമാണ് കാലിന് പരിക്കേറ്റ മധ്യവയസ്കനെ ഉന്തുവണ്ടിയിൽ കിടത്തി ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത്. വഴിയിൽ വച്ച് ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് തങ്ങളുടെ വണ്ടിയിൽ തന്നെ മധ്യവയസ്കനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

"ഒരു പുരുഷനും സ്ത്രീയും ചേർന്ന് മധ്യവയസ്കനെ ഉന്തുവണ്ടിയിൽ കൊണ്ടുവരുന്നത് കണ്ടു. ഇത് ശ്രദ്ധദ്ധയിൽപ്പെട്ട ഞാൻ അവരോട് കാര്യം തിരക്കുകയും പിന്നാലെ മധ്യവയസ്കനെ പൊലീസ് വണ്ടിയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു,"സൂരജ് ജംറ എന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറയുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ പതിനാല് വരെ ആയിരുന്നു ലോക്ക്ഡൗൺ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മെയ് മൂന്ന് വരെ നീട്ടുകയായിരുന്നു.