ദില്ലി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ കർമ്മസമതി രൂപീകരിച്ചു. അടിയന്തര നടപടികൾ കൈക്കൊള്ളാനാണ് കർമ്മസമതി രൂപീകരിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രി ഹർഷ് വർധൻ, വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി, വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി എന്നി‍ർ അംഗങ്ങളായാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ട് സമിതി യോഗം ചേരും. 

ഇന്ത്യക്കാരെ ചൈനയിൽ നിന്ന് ഒഴിപ്പിക്കുന്ന നടപടി തുടരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും കൊണ്ടുവരാനാണ് തീരുമാനം. നിലവിൽ രാജ്യത്ത് മൂന്ന് പേർക്കാണ് നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് മൂന്ന് രോഗികളും കേരളത്തിലാണ്. കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് എറ്റവും ഒടുവിൽ കൊറോണ ബാധ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നും തിരിച്ചെത്തിയതായിരുന്നു ഈ വിദ്യാർത്ഥിയും. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും കേരള ആരോഗ്യ വകുപ്പ് വ്യക്തമാക്കി. തൃശ്ശൂരിലും ആലപ്പുഴയിലുമാണ് മറ്റ് രണ്ട് രോഗികളും ഇപ്പോഴുള്ളത്. 

കൊറോണ വൈറസ് വ്യാപകമായി പടരുന്ന ചൈനയിൽ മരണം 361 ആയി ഉയർന്നു. ഇന്നലെമാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2,829 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായും ചൈന അറിയിച്ചിട്ടുണ്ട്. ഇതോടെ ചൈനയിലെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയർന്നിരിക്കുകയാണ്.