24 മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, കൊവിഡ് മരണം 14,476 ആയി. 258685 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.  രോഗമുക്തി നിരക്ക് 56.70 ആയി.

ദില്ലി: രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 15968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 456183 ആയി ഉയര്‍ന്നു. 15413 ആണ് ഇതിന് മുൻപ് രേഖപ്പെടുത്തിയ ഉയർന്ന കണക്ക്. 24 മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, കൊവിഡ് മരണം 14,476 ആയി. 258685 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. രോഗമുക്തി നിരക്ക് 56.70 ആയി.

ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ അൻപത്തിയൊമ്പത് ശതമാനവും ദില്ലി, മുംബൈ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിനിടെ, കൊവിഡ് പരിശോധനകൾ വ്യാപകമാക്കാൻ ഐസിഎംആർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഐസിഎംആർ നിര്‍ദ്ദേശിക്കുന്നത്. റാപ്പിഡ് ആന്‍റിജെൻ പരിശോധന ഉൾപ്പെടെയുള്ള ടെസ്റ്റിംഗ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പരിശോധകൾ കൂട്ടാനാണ് നിർദ്ദേശം. ഇതുവരെ 73 ലക്ഷത്തിലധികം പരിശോധനകൾ നടത്തിയെന്ന് ഐസിഎംആർ അറിയിച്ചു.

Also Read: ഉപാധികളില്‍ ഇളവ്? കൊവിഡ് പരിശോധനയില്ലാത്ത രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പിപിഇ കിറ്റ് മതിയെന്നത് പരിഗണനയിൽ

അതേസമയം, ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന രേഖപ്പെടുത്തി. ഇന്നലെ 3947 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 66,602 ആയി ഉയർന്നു. 68 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ദില്ലിയിൽ മരിച്ചവരുടെ എണ്ണം 2301 ആയി. നിലവിൽ 24,988 പേർക്കാണ് രോഗമുള്ളത്. അതേസമയം ദില്ലിയിൽ ആയിരം കിടക്കകളുള്ള പുതിയ കൊവിഡ് ആശുപത്രികൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പത്ത് ദിവസത്തിനുള്ളിൽ ആശുപത്രി പ്രവ‍ർത്തനം തുടങ്ങും. കരസേനക്കാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല.