രോഗബാധിതർ കുത്തനെ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ ദില്ലി ദുരന്ത നിവാരണ അതോറിറ്റി നാളെ യോഗം ചേരും.

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് (Covid 19) കേസുകൾ ഒന്നേമുക്കാൽ ലക്ഷത്തോട് അടുക്കുന്നു. ദില്ലിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണമുയർന്നു. രാജ്യതലസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ ഇരുപതിനായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ കുത്തനെ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ ദില്ലി ദുരന്ത നിവാരണ അതോറിറ്റി നാളെ യോഗം ചേരും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തർപ്രദേശിലും ടെസ്റ്റ്‌ പൊസിറ്റിവിറ്റി നിരക്കിൽ 2 ശതമാനം വർധനയുണ്ടായി. 

രാജ്യത്ത് വാക്സീൻ സ്വീകരിച്ച 15 നും 18 നും ഇടയിൽ ഉള്ളവരുടെ എണ്ണം 2 ലക്ഷം കടന്നതോടെ കൗമാരക്കാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അതേ സമയം കോവാക്സിന്റെ ബൂസ്റ്റർ ഡോസിന് ദീർഘകാലം പ്രതിരോധം നൽകാൻ കഴിയുമെന്ന് കണ്ടെത്തിയതായി ഭാരത് ബയോട്ടെക് അവകാപ്പെട്ടു. വാക്സീന് മറ്റ് പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ഭാരത് ബയോട്ടെക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷമാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ന് വലിയ വർധനയാണുണ്ടായത്. 41,434 പേർക്കാണ് 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ പകുതിയും മുംബൈയിൽ നിന്നാണ്. മെട്രോ നഗരമായ മുംബൈയിൽ മാത്രം ടിപിആർ 28 ശതമാനം കടന്നു. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളും കടുപ്പിച്ചു. തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. 10,12 ക്ലാസുകൾ ഒഴികെ സ്കൂളുകളും കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിട്ടും. പാർക്കുകൾ, മ്യൂസിയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ജിം, സ്വിമ്മിംഗ് പൂളുകൾ തുടങ്ങിയവയും അടയ്ക്കും. സിനിമാ തിയറ്റർ, മാളുകൾ, റസ്റ്റോറന്‍റ് എന്നിവിടങ്ങളിൽ പ്രവേശനം 50 ശതമാനം പേർക്ക് മാത്രമാക്കി ചുരുക്കും. സ്വകാര്യസ്ഥാപനങ്ങളോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ സർക്കാർ നിർദ്ദേശം നൽകി. അതല്ലെങ്കിൽ ഓഫീസിലെ ഹാജർ 50 ശതമാനം ആക്കി ചുരുക്കണം. 

തമിഴ്നാട്ടിലും കൊവിഡ് കുതിച്ചുയരുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിൽ 10,978 പേർക്കാണ് രോഗബാധയുണ്ടായത്. ചെന്നൈയിൽ മാത്രം 5098 പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേർക്ക് കൂടി ഒമിക്രോൺ വകഭേദം കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 195 ആയി. രോഗബാധ അതിവേഗം ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് സർക്കാ‍ർ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി കാല കർഫ്യൂ തുടരും. നാളെ തമിഴ്നാട്ടിൽ സമ്പൂ‍ർണ ലോക്ഡൗണാണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമടക്കം യാതൊന്നും നാളെ പ്രവർത്തിക്കില്ല. സാമൂഹിക നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ സർക്കാർ നടപടികളും തുടരുന്നു. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

കര്‍ണാടകയില്‍ ടിപിആർ പത്ത് ശതമാനത്തിന് മുകളിലെത്തി. 24 മണിക്കൂറിൽ 7113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വാരാന്ത്യകർഫ്യൂ തുടരുകയാണ്. പൊതുഗതാഗതം അടക്കം നാളെയുമുണ്ടാകില്ല. അടിയന്തരസർവ്വീസുകൾ ഒഴികെ മറ്റൊന്നും അനുവദിക്കുന്നില്ല. മെട്രോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കി. ഹോട്ടലുകളിൽ നിന്ന് പാർസൽ അനുവദിക്കുന്നുണ്ട്. ആശുപത്രികളിലടക്കം ജോലിക്ക് പോകുന്നവർക്ക് തിരിച്ചറിയിൽ രേഖ കാണിച്ച് യാത്ര ചെയ്യാം. ബംഗ്ലൂരു നഗരത്തിൽ പൊലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. സംസ്ഥാനാന്തര സര്‍വ്വീസുകളും വെട്ടിചുരുക്കിയിരിക്കുകയാണ്. സ്കൂളുകളും കോളേജുകളും ദിവസങ്ങൾക്ക് മുമ്പ് അടച്ചിരുന്നു.