ദില്ലി: കൊറോണ ഐസൊലേഷൻ ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൈനയിൽ നിന്ന് ദില്ലിയിൽ എത്തിയ മലയാളി വിദ്യാർത്ഥികൾ. രോഗം കൂടുതൽ റിപ്പോർട്ട്‌ ചെയ്ത ഹുവാനിൽ നിന്നുള്ളവർക്കൊപ്പമാണ് മറ്റുള്ളവരെയും പാർപ്പിക്കുന്നതെന്നാണ് മലയാളി വിദ്യാർത്ഥികളുടെ പ്രധാന പരാതി. ബാത്ത്റൂം സൗകര്യങ്ങളുടെ കുറവാണ്. വുഹാനിൽ നിന്ന് എത്തിയവർക്ക് പനി ലക്ഷണം ഉണ്ടെന്നും പനി പടരുമോ എന്നാണ് ഭയമെന്നും വിദ്യാർത്ഥികൾ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു. ഹരിയാനയിലെ മനേസര്‍ ക്യമ്പിലെത്തിയ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 25 ല്‍ അധികം മലയാളി വിദ്യാര്‍ത്ഥികള്‍ ഈ ക്യാമ്പിലുണ്ടെന്നാണ് വിവരം. 

അതേസമയം, കേരളത്തിൽ മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് മാധ്യമങ്ങളെ അറിയിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത മൂന്ന് കൊറോണ കേസും കേരളത്തിലാണ്. രോഗം സ്ഥിരീകരിച്ച മൂന്നുപേരും ഒന്നിച്ച് നാട്ടിലെത്തിയവരാണ്.

Also Read: കേരളത്തിൽ മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരണം: കാസര്‍കോട്ട് ചികിത്സയിൽ