ദില്ലി: കൊറോണ വൈറസ് ബാധയെ നേരിടാൻ ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കൊറോണ ബാധിച്ച് ഉണ്ടായ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഹുബൈ പ്രവിശ്യയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. 

അതേസമയം, വുഹാനിൽ നിന്ന് ദില്ലിയിലെ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിൽ എത്തിച്ച 406 പേർക്ക് രോഗമില്ലെന്ന പരിശോധന ഫലം പുറത്തുവന്നു. കഴിഞ്ഞ ആഴ്ചയാണ് കൊറോണ വൈറസ് രോഗം പടരുന്ന വുഹാനിൽ നിന്ന് ഇവരെ ദില്ലിയിൽ എത്തിച്ചത്. 14 ദിവസത്തെ കരുതൽ നിരീക്ഷണത്തിനാണ് ഇവരെ ദില്ലി ചാവ്‌ലയിലെ ക്യാമ്പിൽ എത്തിച്ചത്. 

എന്നാല്‍, 28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു. കാസർകോട് റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളിൽ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. 

Also Read: സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാന്‍ 28 ദിവസത്തെ നിരീക്ഷണം കൂടി പൂര്‍ത്തിയാവണം: ആരോഗ്യമന്ത്രി