24 മണിക്കൂറില്‍ 2380 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 കൊവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. 

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് (Covid) കണക്ക് തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരം കടന്നു. കൊവിഡ് വ്യാപന തോത് സൂചിക ജനുവരിക്ക് ശേഷം വീണ്ടും ഒന്നിലെത്തി. അതേസമയം, രാജ്യത്ത് നാലാം തരംഗത്തിന് സാധ്യത കുറവെന്നാണ് വൈറോളജി രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.രണ്ടായിരത്തി മുന്നൂറ്റി എൺപത് പേർക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 0.53 ശതമാനമായി ഉയർന്നു. രോഗം ഒരാളിൽ നിന്ന് എത്ര പേരിലേക്ക് പടരുമെന്നതിൻ്റെ തോത് സൂചിപ്പിക്കുന്ന ആർ മൂല്യം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിലെത്തി. ജനുവരി ആദ്യ ആഴ്ച്ചയ്ക്ക് ശേഷം ആർ മൂല്യം ഒന്നിൽ താഴെയായിരുന്നു. ദില്ലിയിലാണ് നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിൽ ഇന്നലെ 1009 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാൾ അറുപത് ശതമാനം വർധന. കൊവിഡ് വ്യാപനം ശക്തിപ്പെട്ടെങ്കിലും രോഗബാധിതരിൽ മൂന്ന് ശതമാനത്തിൽ താഴെ പേർ മാത്രമാണ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുള്ളത്. 

അതിനിടെ ദില്ലിയിൽ മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്ക് ഉപയോഗിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാൻ ഇന്നലെ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. പരിശോധനയും വാക്സിനേഷനും കൂട്ടാനും യോഗത്തിൽ നിർദേശമുണ്ട്. എന്നാൽ സ്കൂളുകൾ തത്ക്കാലം ഓൺലൈൻ ക്ലാസുകളിലേക്ക് മാറില്ല. ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തില്ല.

Also Read: കൊവിഡ് കേസുകളിലെ വര്‍ധന; ദില്ലിയില്‍ കര്‍ശന ജാഗ്രത, മാസ്ക്കില്ലെങ്കില്‍ 500 രൂപ പിഴ

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ പുതിയ തരംഗമെന്ന ഭീഷണി വിദൂരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. 

Also Read: 'കൊവിഡ് കണക്ക് നല്‍കുന്നില്ലെന്നത് തെറ്റായ പ്രചാരണം, കണക്ക് കൊടുക്കുന്നുണ്ട്'; വിശദീകരണവുമായി ആരോഗ്യമന്ത്രി

Also Read: 'പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കണം'; കേരളത്തിന് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം

രാജ്യത്ത് സ്വാഭാവിക പ്രതിരോധ ശേഷി 90 ശതമാനമാണെന്നും അതിനാൽ ഇനിയൊരു തരംഗത്തിന് സാധ്യത കുറവാണെന്ന് കാൺപൂർ ഐഐടിയിലെ പ്രൊഫസർ മണിന്ത അഗർവാൾ പറഞ്ഞു. കൊവിഡ് മാത്തമാറ്റിക്കൽ മോഡൽ എന്ന പേരിൽ രോഗത്തിൻറെ ഗതി പ്രവചിക്കുന്ന സംവിധാനം പ്രൊഫ മണിൻഡ് അഗർവാൾ വികസിപ്പിച്ചിരുന്നു. പുതിയ വകഭേദങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യാത്തതിനാൽ അടുത്ത തരംഗത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഐസിഎംആർ മുൻ തലവനായ ഡോ.ആർ ഗംഗഖേദ്കറും അഭിപ്രായപ്പെട്ടു.