ബിഹാറിലെ റാലിയിലായിരുന്നു ജയിലിലാകുന്ന മന്ത്രിമാരെ നീക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണം
ദില്ലി: ജയിലിൽ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരാണ് ബില്ല് കൊണ്ടു വന്നതിൽ ഞെട്ടിയതെന്നും ബില്ല് പാസ്സായാൽ അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിഹാറിലെ റാലിയിലായിരുന്നു ജയിലിലാകുന്ന മന്ത്രിമാരെ നീക്കുന്ന ബില്ല് വിഷയത്തിൽ പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണം. അതേ സമയം, ബിഹാറിലെ എസ്ഐആറിനെക്കുറിച്ച് മോദി ഒന്നും പ്രതികരിച്ചില്ല. ബില്ല് അവതരിപ്പിച്ച സാഹചര്യത്തിൽ പാര്‍ലമെന്‍റിലെ രണ്ട് സഭകളിലും വൻ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞാണ് പ്രതിഷേധം അറിയിച്ചത്. നാടകീയ രംഗങ്ങളാണ് ലോക്സഭയിലും രാജ്യസഭയിലും നടന്നത്. ബില്ല് ജെപിസിക്ക് വിടാനുള്ള ശുപാര്‍ശ രണ്ട് സഭകളും അംഗീകരിച്ചിരുന്നു. 31 അംഗ ജെപിസിയാണ് രൂപീകരിക്കാൻ പോകുന്നത്. ജെപിസിയിലേക്ക് പേരുകള്‍ നൽകാൻ രാഷ്ട്രീയ പാര്‍ട്ടികളോട് ബിജെപി സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതുവരെ പേരുകള്‍ നൽകിയിട്ടില്ല.

